ഇക്കോ ടൂറിസം ലക്ഷ്യമിട്ട് നമ്പികുളം
മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ജില്ലയിലെ ബാലുശ്ശേരി നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കണ്ണൂര്‍ ധര്‍മ്മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെയുള്ള ഭാഗങ്ങള്‍ മലമുകളില്‍ നിന്ന് വ്യക്തമായി കാണാനാവുമെന്നതാണ് പ്രദേശത്തിന്റെ പ്രധാന ആകര്‍ഷണം. നമ്പിക്കുളത്തെ മലമുകളില്‍ ദൈനംദിനം നിരവധി സഞ്ചാരികളാണ് എത്തിചേരുന്നത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ട്രെക്കിംഗിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രം സാഹസിക വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. സഞ്ചാരികള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് 1.5 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പദ്ധതിയുടെ പ്രവൃത്തി ചെയ്യുന്നതിന് കോഴിക്കോട് ഡി.ടി.പി.സി.മുഖേന ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ഇരിപ്പിടങ്ങള്‍, കൈവരികള്‍, വിശ്രമസ്ഥലം, നടപ്പാത, വാച്ച്ടവര്‍, പാര്‍ക്കിംഗ് ഏരിയ, ടിക്കറ്റ് കൌണ്ടര്‍, ഫുഡ് കിയോസ്‌ക് എന്നിവയാണ് സ്ഥാപിക്കുക.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (ജൂലായ് 19) വൈകീട്ട് മൂന്ന് മണിക്ക് സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
- Log in to post comments