Skip to main content

മഴക്കെടുതി - നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും- മന്ത്രി അഡ്വ. കെ. രാജു

 

കാലവര്‍ഷെക്കെടുതിയില്‍ വീടുള്‍പ്പെടെ ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ക്ക് അതിവേഗം നഷ്ടപരിഹാരം നല്‍കുമെന്ന് കോട്ടയം ജില്ലയുടെ ചുമതലയുള്ള വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അമയന്നൂര്‍ മഹാത്മ കോളനിയിലെ 37 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുള്ള അയര്‍ക്കുന്നം ഗവ. എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നഷടപരിഹാരം അതിവേഗം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.  ഓരോ വ്യക്തികള്‍ക്കും ഉണ്ടായിട്ടുള്ള നാശനഷ്ടത്തിന്റെ കണക്ക് വേഗത്തില്‍ തിട്ടപ്പെടുത്തി നല്‍കാന്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പരമാവധി സഹായം സര്‍ക്കാര്‍ നല്‍കുമെന്നും വീടു നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനും സഹായം നല്‍കുമെന്നും ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. എസ്.സി./എസ്.ടി വികസന ഫണ്ടുപയോഗിച്ച് വീടുകള്‍ പുന:രുദ്ധരിക്കുന്നതിനും നടപടിയെടുക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ അറിയിപ്പനുസരിച്ച് 3-4 ദിവസം കൂടി നല്ല മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാവരും ക്യാമ്പില്‍ തന്നെ കഴിയണമെന്നും ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാന്‍  ഏര്‍പ്പാട് ചെയ്തിട്ടു              ണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം ഉണ്ടായ മഴക്കെടുതിയില്‍ ഇതേ ക്യാമ്പില്‍ താമസിക്കവേ വെള്ളക്കെട്ടില്‍ വീണു മരിച്ച പ്രസാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ജില്ലാ കളക്ടര്‍ മുഖേന നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി, അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍,ഡെപ്യൂട്ടി കളക്ടര്‍ അലകസ് ജോസഫ്, തഹസില്‍ദാര്‍ ഗീതാകുമാരി, വില്ലേജ് ഓഫീസര്‍ എന്‍.ആര്‍ രാജേഷ് എന്നിവരോടൊപ്പം തിരുവഞ്ചൂര്‍ ഗവ.എല്‍.പി.എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും വെളളക്കെട്ടുളള പൂവത്തുംമൂട് പ്രദേശത്തും അദ്ദേഹം സന്ദര്‍ശനം നടത്തി.  

  (കെ.ഐ.ഒ.പി.ആര്‍-1459/18)

date