Skip to main content
'സഞ്ചരിക്കുന്ന റേഷൻ കട' ഉദ്ഘാടനം ചെയ്തു

ഏവർക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ജി.ആർ അനിൽ * 'സഞ്ചരിക്കുന്ന റേഷൻ കട' ഉദ്ഘാടനം ചെയ്തു

എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്താനുള്ള തീവ്രമായ ശ്രമമാണ് സർക്കാരും വകുപ്പും നടപ്പാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യധാന്യങ്ങൾ ഊരുകളിലെ വീടുകളിലേക്ക് എത്തിച്ചുനൽകുന്ന 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൂടരഞ്ഞിയിൽ ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 
കിലോമീറ്ററുകൾ താണ്ടി റേഷൻ കടകളിൽ എത്താൻ പ്രയാസപ്പെടുന്ന ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കും ആ പ്രദേശത്ത് താമസിക്കുന്നവർക്കും ഈ പദ്ധതി ഉപകാരപ്രദമാവും. ഒരാളിന് പോലും ഭക്ഷ്യധാന്യം നിഷേധിക്കപ്പെടരുത് എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടരഞ്ഞി മഞ്ഞക്കടവ് സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ  ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ദുർബല വിഭാഗങ്ങൾക്കും വനമേഖലകളിൽ കഴിയുന്നവർക്കും നേരിട്ട് റേഷൻ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ജില്ലയിൽ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കുന്നത്. 
കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, മേലെ പൊന്നാങ്കയം, പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി പ്രദേശങ്ങളിലാണ് സേവനം ഒരുക്കുന്നത്. റേഷൻ കടകളിലെത്താൻ പ്രയാസമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ 100ലധികം ആദിവാസി കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ,
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്‌ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date