പമ്പയുടെ ഓളങ്ങള്‍ക്കിനി വഞ്ചിപ്പാട്ടിന്റെ താളം; ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി
ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണി അധ്യക്ഷതവഹിച്ചു. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, പള്ളിയോട സേവാസംഘം സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി വി വിശ്വനാഥ പിള്ള, വൈസ് പ്രസിഡന്റ് ജി സുരേഷ് , ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സുരേഷ് കുമാര്‍ പുതുക്കുളങ്ങര, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീലാ മോഹന്‍, വിനീത അനില്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജിത് കുമാര്‍, ദേവസ്വം അസി. കമ്മീഷണര്‍ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാരാമണ്‍, കോയിപ്രം, തെക്കേമുറി എന്നീ പള്ളിയോടങ്ങള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ വള്ളസദ്യ വഴിപാട് നടത്തിയത്. പള്ളിയോടങ്ങളിലെത്തിയ കരക്കാരെ അഷ്ടമംഗലത്തിന്റെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു. പള്ളിയോട സേവാസംഘം ഭാരവാഹികള്‍ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തെ സ്വീകരിച്ചു. തുടര്‍ന്ന് വഴിപാട് നടത്തുന്നവര്‍ അതത് കരകളെ സ്വീകരിച്ചു.
രണ്ടാം ദിവസമായ ഇന്ന് ( ജൂലൈ 16 ന്) മാരാമണ്‍ പള്ളിയോടത്തിന് വള്ളസദ്യ നടക്കും. ഏക ജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും വഴിപാട് വള്ളസദ്യകള്‍ നടത്തുന്നത്. ഇതുവരെ 340 വള്ളസദ്യകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
പള്ളിയോടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ
80 നാള്‍ നീണ്ടു നില്‍ക്കുന്ന ആറന്മുള വള്ളസദ്യ വഴിപാടുകള്‍ക്കും ചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളിക്കും അഷ്ടമി രോഹിണി സമൂഹ വള്ളസദ്യയ്ക്കും തിരുവോണത്തോണി വരവേല്‍പ്പിനും പള്ളിയോടങ്ങളില്‍ ആറന്മുളയിലെത്തുന്ന കരക്കാര്‍ക്കും പള്ളിയോട സേവാസംഘം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതിന്റെ പോളിസി കൈമാറി. യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കേരള റീജിയന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഡോ ബി ബൈജു പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണിക്ക് ഇന്‍ഷ്വറന്‍സ് പത്രിക കൈമാറി പദ്ധതി ആറന്മുള ക്ഷേത്ര സന്നിധിയില്‍ ഉദ്ഘാടനം ചെയ്തു.
സുരക്ഷയ്ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍
പള്ളിയോടങ്ങളുടെ സാന്നിധ്യം ജൂലൈ 15 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ പമ്പയില്‍ ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ സജീവമായിരിക്കുന്നതിനാല്‍ അഗ്‌നി രക്ഷാ സേന ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചു. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കരനാഥന്മാരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. സത്രക്കടവില്‍ അഗ്‌നിരക്ഷാ സേനയുടെ വാഹനങ്ങളും ക്രമീകരിച്ചിരുന്നു. ആരോഗ്യ വകുപ്പും പൊലീസും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചു. പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ആഞ്ഞിലിമൂട്ടില്‍ക്കടവ് പാലത്തിന്റെ അടിവശത്തുകൂടി തുഴഞ്ഞെത്താന്‍ കോയിപ്രം പള്ളിയോടം നന്നേ ബുദ്ധിമുട്ടി. പൊലീസ് ആവശ്യമായ നിര്‍ദേശങ്ങള്‍ കരക്കാര്‍ക്ക് നല്‍കി ജാഗ്രത പാലിച്ചു.
- Log in to post comments