111 വീടുകള്‍ ഭാഗികമായി തകര്‍ന്നു; 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്തമഴയില്‍ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 111 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ തീര്‍ഥാടകനെ കാണാതായി. ആലപ്പുഴ സ്വദേശി ഗോപകുമാറിനെ(35)യാണ് കാണാതായത്. കോട്ടയത്തു നിന്നുള്ള സ്കൂബ ടീമിനെ ജില്ലാ കളക്ടര്‍ ഇടപെട്ട് തിരച്ചില്‍ നടത്തുന്നതിന് ഇവിടേക്ക് അയച്ചു. 9.66 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 34,17000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രഥമികമായി കണക്കാക്കിയിട്ടുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകള്‍: തിരുവല്ല താലൂക്ക്- നിരണം-മൂന്ന്, കടപ്ര-മൂന്ന്, തോട്ടപ്പുഴശേരി-2, കുറ്റപ്പുഴ-1, കുറ്റൂര്‍-2, പെരിങ്ങര-2, കവിയൂര്‍-1, നെടുമ്പ്രം-2, കോയിപ്രം-1, കാവുംഭാഗം-2. മല്ലപ്പള്ളി താലൂക്ക് -മല്ലപ്പള്ളി- 2, പുറമറ്റം-1. തിരുവല്ല താലൂക്കില്‍ 35 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 6,25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി താലൂക്കില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 7,07000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 10 വീട് ഭാഗികമായും തകര്‍ന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോന്നി താലൂക്കില്‍ 12 വീട് ഭാഗികമായി തകര്‍ന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴഞ്ചേരി താലൂക്കില്‍ 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150000 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാന്നി താലൂക്കില്‍ ഒന്‍പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 135000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്: ജില്ലാ കളക്ടര്‍
ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും ജനങ്ങള്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പമ്പയില്‍ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനപ്രദേശത്തു കൂടെ സഞ്ചരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മരങ്ങളുടെ ചുവട്ടിലും മണ്ണിടിച്ചിലിനോ, ഒഴുക്കില്‍ പെടുന്നതിനോ സാധ്യതയുള്ള സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. രാത്രി യാത്രകള്‍ കഴിവതും ഒഴിവാക്കണം.
- Log in to post comments