Skip to main content

കണ്ണൂരിന്റെ  ടൂറിസം  വീഡിയോ ഗാനം പ്രകാശനത്തിന് ഒരുങ്ങുന്നു

 

 

ലോക ടൂറിസം ഭൂപടത്തിലേക്ക് കണ്ണൂരിന് പ്രാധാന്യം നൽകുന്ന രീതിയിൽ സഞ്ചാരികളെ നമ്മുടെ ജില്ലയിലേക്ക് ആകർഷിക്കുന്നതിന് കണ്ണൂരിന്റെ പാട്ട് ഒരുങ്ങുന്നു. കണ്ണൂരിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കി ഡി ടി പി സി ഒരുക്കുന്ന ദ സോങ്ങ് ഓഫ് കണ്ണൂർ-ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം പ്രകാശനത്തിന് സജ്ജമായി  .കണ്ണൂരിന്റെ അഭിമാന കലാകാരനായ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് വിനീത് ശ്രീനിവാസൻ പാടി അഭിനയിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോ സി വി രഞ്ജിത്താണ് . ജില്ലയിലെ ഇരുപത്തിയഞ്ചോളം ടൂറിസം സെന്ററുകളിൽ ചിത്രീകരിച്ച ഗാനരംഗത്തിൽ വിനീത് ശ്രീനിവാസനെ കൂടാതെ മലബാറിലെ പ്രശസ്തരായ മട്ടന്നൂർ ശങ്കരൻ കുട്ടി, നടനും നർത്തകനുമായ വിനീത്, സന്തോഷ് കീഴാറ്റൂർ, സംവിധായകൻ സലിം അഹമ്മദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായികയും ഗിന്നസ് റെക്കോഡുടമയുമായ സചേതാ സതീഷ് തുടങ്ങിയവരും അതിഥി താരങ്ങളായി എത്തുന്നുണ്ട് . കൂടാതെ മുൻ കേരളാ ക്രിക്കറ്റ് ക്യാപ്റ്റനും, സിനിമാ താരവും, മോഡലുമായ കെ ജെ മഹീന്ദ്രയുടെ സാനിദ്ധ്യവും ഗാനരംഗത്തുണ്ട്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഭംഗി ഒപ്പിയെടുത്ത ഈ ഗാനം കൂടുതൽ വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷ. വിവിധ സിനിമ സാങ്കേതിക പ്രവർത്തകരുടെയും, ഉന്നത സാങ്കേതിക ഉപകരണങ്ങളുടെയും സഹായത്തോടെ ചിത്രീകരിച്ച ഗാനരംഗം ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുമെന്നാണ് ഡി ടി പി സി പ്രതീക്ഷിക്കുന്നത്. ജില്ലയുടെ യഥാർത്ഥ സൗന്ദര്യം ദ സോങ്ങ് ഓഫ് കണ്ണൂർ-ഹെവൻ ഓഫ് ടൂറിസം എന്ന ഗാനത്തിലൂടെ സ്വദേശികളും, വിദേശികളുമായ സഞ്ചാരികളുടെ മുന്നിലെത്തും . ഗാനം സപ്തംബർ നാലിന് കണ്ണൂരിൽ  പ്രകാശനം ചെയ്യും.

date