ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: പട്ടികവര്‍ഗ്ഗ പങ്കാളിത്തം 100 ശതമാനമാക്കും-കലക്ടര്‍
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ പങ്കാളിത്തം 100 ശതമാനമാക്കുന്നത് സംബന്ധിച്ച് ജില്ലാകലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. ഉപകുടുംബങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ 3548 പട്ടികവര്‍ഗ്ഗ കുടുംബങ്ങളില്‍ 85 ശതമാനം കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ ഒരാഴ്ചക്കകം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തൊഴില്‍ കാര്‍ഡ് നല്‍കാനും കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എസ്.സി പ്രൊമോര്‍ട്ടര്‍മാരുടെ നേതൃത്വത്തില്‍ ഇതിനായി ഓരോ കോളനികളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ആധാര്‍കാര്‍ഡ്, ബാങ്ക്അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കുള്ള തൊഴില്‍കാര്‍ഡ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കി പരമാവധി 200 ദിവസം തൊഴില്‍ നല്‍കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.ജി.എന്‍.ആര്‍.ഇ.എസ്സ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.എ അസ്സീസ്, അസ്സി.ഡെവലപ്‌മെന്റ് കമ്മീഷണര്‍ ടി.എസ്സ് സുബ്രഹ്മണ്യന്‍, ജില്ലാ പട്ടികവര്‍ഗ്ഗ ഓഫീസര്‍ സയ്യിദ് നയീം, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, എസ്.ടി പ്രോമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments