Skip to main content

തോടുകളിലെ മാലിന്യങ്ങൾ അതത് കേന്ദ്രങ്ങളിൽ സംഭരിക്കണം: കോ-ഓർഡിനേഷൻ കമ്മറ്റി

ജില്ലയിലെ മുഴുവൻ തോടുകളിലെയും മാലിന്യങ്ങൾ ഒഴുകി പോകാതെ  തടഞ്ഞു നിർത്തി സംഭരിക്കാനുള്ള  സംവിധാനങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് 'ശുചിത്വ സാഗരം സുന്ദരം തീരം' ജില്ലാതല കോ-ഓർഡിനേഷൻ കമ്മറ്റി യോഗം നിർദേശിച്ചു. കമ്മറ്റി  അധ്യക്ഷ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രാദേശികമായ ചെറുതോടുകളിൽ നിന്നാണ് പുഴകളിലേക്കും അത് വഴി  കടലിലേക്കും മാലിന്യങ്ങൾ എത്തുന്നത്. ഇതൊഴിവാക്കാൻ ചെറു തോടുകളിൽ വലകെട്ടി  മാലിന്യങ്ങൾ ശേഖരിക്കണം. ബീച്ചുകളിൽ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും . നിരീക്ഷണത്തിനായി സി സി ടി വി ക്യാമറകൾ സ്ഥാപിക്കും.
മത്സ്യത്തൊഴിലാളികൾ, തീരദേശ നിവാസികൾ എന്നിവരുടെ യോഗം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേരാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോളേജ്, സ്കൂൾ വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തീരദേശ സംരക്ഷണ സേന രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. ശുചിത്വ സാഗരം സുന്ദരം തീരം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ നടപ്പാക്കിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എം ശ്രീധരന്‍, ഡെപ്യൂട്ടി കലക്ടർ (എൽ എ) ടി വി രഞ്ജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, തീരദേശ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കോർഡിനേറ്റിങ് കമ്മറ്റി അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.

date