വിനോദസഞ്ചാര മേഖല സര്‍ക്കാര്‍-സ്വകാര്യ സംയുക്ത സംരംഭമാവണം-മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഉത്തരവാദിത്വ വിനോദസഞ്ചാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കണമെന്നും സഹകരണ,വിനോദസഞ്ചാര,ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളമൊട്ടാകെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാറിന്റെ ടൂറിസം അജണ്ട റൂറല്‍ ടൂറിസം വയലട ഹില്‍സ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എ.എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവി കേരളത്തിന്റെ തൊഴില്‍ സാധ്യതാ കേന്ദ്രങ്ങളാണ് വിനോദസഞ്ചാര മേഖല. ലോകവിനോദസഞ്ചാരത്തില്‍ മൂന്‍നിരയിലാണ് മലബാര്‍ ടൂറിസത്തിന്റെ സ്ഥാനം. കോഴിക്കോട് ജില്ലയില്‍ രണ്ട് വര്‍ഷം കൊണ്ട് 63 കോടിയുടെ 19 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റ വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണവേകുകയാണ് റൂറല്‍ ടൂറിസം പദ്ധതി. സാഹസിക വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും പനങ്ങാട് ഗ്രാമപഞ്ചായത്തും കൈകോര്‍ത്തുകൊണ്ടാണ് പദ്ധതിക്ക് ജീവന്‍ നല്‍കുന്നത്. മുള്‍റോക്ക് ഇക്കോപാര്‍ക്ക് സംരഭകരാണ് 13 ഏക്കര്‍ സ്ഥലത്ത് കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ഹട്ടുകള്‍, പ്രാഥമികാവശ്യ കേന്ദ്രങ്ങള്‍, ഹോംസ്റ്റേ എന്നിവ ഒരുക്കുന്നത്. രാജ്യത്തിന് പുറത്തു നിന്ന് പോലും കൂടുതല്‍ വിനോദ സഞ്ചാരികളെ വയലടയിലേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ പ്രവൃത്തികള്‍ 2019 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിച്ച് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് എം.ഡി ഷാജി.എം വര്‍ഗ്ഗീസ് പറഞ്ഞു. പദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കിയവര്‍ രേഖകള്‍ കൈമാറുന്ന ചടങ്ങും വേദിയില്‍ നടന്നു. വയലടയുടെ ദൃശ്യ ഭംഗി ആവാഹിച്ച ഫോട്ടോഗ്രാഫി പ്രദര്‍ശനവും ചടങ്ങിന് മിഴിവേകി.
ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments