ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു
ജില്ലയിലെ മഴക്കെടുതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ദുരന്തങ്ങളെ ആഘോഷമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. വെള്ളക്കെട്ടുളള പ്രദേശങ്ങള്‍ കാണാന്‍ ആളുകള്‍ വാഹനങ്ങളിലും മറ്റും കൂട്ടമായെത്തുന്നത് അപകടകരമാണ്. ഇത് രക്ഷാ പ്രവര്‍ത്തനനത്തിനും തടസ്സമാകും. ഇതുവരെ ജില്ലയില്‍ മരിച്ചവരില്‍ ഒഴുക്കുവെള്ളത്തില്‍ ചൂണ്ടയിടാനും മറ്റുമായി വെള്ളത്തിലിറങ്ങിയവരും ഉണ്ടെന്നുളളത് ഗൗരവമായി കാണണം. ശിക്കാരി ബോട്ടും മറ്റുമായി വെള്ളത്തിലിറങ്ങുന്നവര്‍ക്കെതിരെ ജാഗ്രത വേണം. പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തിരമായി തീരുമാനമെടുക്കണം. വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ ഇഴജന്തുക്കളുടെയും മറ്റും ഉപദ്രവം ഉണ്ടാകാനിടയുളളതിനാല്‍ ആന്റിവെനം മരുന്നുകള്‍ ആവശ്യത്തിന് ആശുപത്രികളില്‍ ശേഖരിക്കണം. പെട്ടെന്ന് അടിസ്ഥാന ജീവിത സൗകര്യം പോലും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരുടെ മാനസികാവസ്ഥ പ്രത്യേകം പരിഗണിച്ച് കൗണ്‍സിലിംഗ് നല്‍കണം. അരുവിക്കുഴി ടൂറിസം സെന്ററില്‍ ആളുകള്‍ എത്തുന്നത് പ്രോത്സാഹിപ്പിക്കരുത്. ഈ കേന്ദ്രം പ്രത്യേകം നിരീക്ഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലിക്കല്‍ക്കല്ല് ടൂറിസം കേന്ദ്രം മഴക്കെടുതി കഴിയുന്നതുവരെ അടച്ചിടാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഉദ്യോസ്ഥര്‍ ക്യാമ്പുകള്‍ നേരിട്ട് സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ധൈര്യം പകരണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നും അടിയന്തിര പരിഹാരം തേടണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ പോലീസ്, റവന്യൂ, ഫോറസ്റ്റ്, എന്‍സിസി, ആര്‍ടിഒ, ജില്ലാ സപ്ലൈ ഓഫീസ്, പൊതുവിദ്യാഭ്യാസം, ഫിനാന്‍സ്, കോട്ടയം മുനിസിപ്പാലിറ്റി, പിഡബ്യൂഡി ബില്‍ഡിംഗ്‌സ്, സ്‌കൗട്ട്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, എക്‌സൈസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നീ ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചത്.
- Log in to post comments