Skip to main content

ഫയര്‍ഫോഴ്‌സ് ദുരന്തനിവാരണത്തില്‍ സജീവം

 

ജൂലൈ 14 ന് മഴ ശക്തി പ്രാപിച്ചതുമുതല്‍ ജില്ലയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സജീവമായി രംഗത്തുണ്ട്. ശക്തമായ കാറ്റും മഴയോടും തുടങ്ങിയ ആദ്യദിനത്തില്‍ മറിഞ്ഞുവീണ മരങ്ങള്‍ മുറിച്ചും ഗതാഗതം പുനസ്ഥാപിച്ചും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ അഞ്ചു ദിവസങ്ങള്‍ക്കുശേഷവും തുടരുകയാണ്. കോട്ടയം ഡിവിഷനിലെ 100 ഓളം ജീവനക്കാരും മറ്റു ഡിവിഷനുകളില്‍ നിന്നെത്തിയ 40 ജീവനക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈരാറ്റു പേട്ട, പാലാ, പാലാ ബ്രില്യന്‍സ് കോളേജില്‍ ഒറ്റപെട്ടു പോയ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ പ്രദേശങ്ങളില്‍ നിന്ന് മാത്രമായി 250 ഓളം പേരെ സുരിക്ഷത സ്ഥലത്തേക്ക് മാറ്റി. കൂടാതെ പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അകപ്പെട്ടു പോയ രോഗികളെ കൃത്യസമയത്ത് തന്നെ രക്ഷിച്ച് കോട്ടയം ജനറല്‍ ആശുപത്രയിലേക്കെത്തിച്ചതും ഫയര്‍ഫോഴ്‌സിന്റെ  കര്‍മനിരതമായ ഇടപ്പെടലുകള്‍ക്കൊണ്ടാണ്. ഏഴ് റബ്ബര്‍ ബോട്ടുകളിലായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോട്ടയം ഡിവിഷനിലെ മൂന്ന് ബോട്ടുകള്‍ കൂടാതെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഡിവിഷനുകളില്‍ നിന്നും ബോട്ടുകള്‍ എത്തിക്കുകയായിരുന്നു. തിരുവഞ്ചൂര്‍, ഇറഞ്ഞാല്‍, പുതുപ്പള്ളി, ആറുമാനൂര്‍, നാഗമ്പടം, അയ്മനം, ഇല്ലിക്കല്‍, തിരുവാര്‍പ്പ്, കൊശമറ്റം കോളനി, വാകത്താനം എന്നിവിടങ്ങളില്‍ നിന്നായി 384 പേരെ രക്ഷിച്ചു. ഇതുവരെ 1200 ഓളം പേരെ രക്ഷപ്പെടുത്തിയതായി കോട്ടയം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു.

 

date