Skip to main content

പട്ടികജാതി പ്രൊമോട്ടര്‍ ഒഴിവ് : അപേക്ഷ 31 വരെ 

 

ജില്ലയിലെ നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, കുലുക്കല്ലൂര്‍, നാഗലശ്ശേരി, തിരുമിറ്റക്കോട്, പുതുശ്ശേരി, മലമ്പുഴ, പിരായിരി, അഗളി  ഗ്രാമപഞ്ചായത്തുകളിലേക്കും ഷൊര്‍ണ്ണൂര്‍, പട്ടാമ്പി മുനിസിപ്പാലിറ്റികളിലേക്കും പ്രൊമോട്ടര്‍ ഒഴിവിലേക്ക് നിശ്ചിതയോഗ്യതയുളള പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.  18 നും 40 നും മദ്ധ്യേയാണ് പ്രായപരിധി. പ്രീ-ഡിഗ്രി/പ്ലസ്ടു വിജയമാണ് യോഗ്യതയായി പരിഗണിക്കുക. കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. 
     താല്പര്യമുളളവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 31-നകം ജില്ലാപട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. സാമൂഹ്യപ്രവര്‍ത്തകരായ അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 50 വയസ്സും വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. കൂടിക്കാഴ്ച്ച ആഗസ്റ്റ് 14ന് രാവിലെ 11-ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7,000/ രൂപ ലഭിക്കും . പരമാവധി ഒരുവര്‍ഷത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അവര്‍ സ്ഥിരതാമസമുളള പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ ഒഴിവിലേക്കാവും പരിഗണിക്കുക.    ഒരു പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. മുമ്പ് പ്രൊമോട്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിജിലന്‍സ് കേസ്സില്‍ ഉള്‍പ്പെടുകയോ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകള്‍  പരിഗണിക്കില്ല.
    അപേക്ഷയുടെ മാതൃകയും, ഒഴിവുകള്‍ സംബന്ധിച്ചും മറ്റ് വിശദവിവരങ്ങളും അറിയുന്നതിന്  ജില്ലാ പട്ടികജാതിവികസന ഓഫീസുമായോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.

date