സുഗന്ധഗിരി, പൂക്കോട് പുനരധിവാസ മേഖല വികസനം; യോഗം നടത്തി
സുഗന്ധഗിരി, പൂക്കോട് പുനരധിവാസ മേഖലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രൈബല്‍ റിസെറ്റില്‍മെന്റ് ഡെവലപ്പ്‌മെന്റ് മിഷന്റെ (ടി.ആര്‍.ഡി.എം) അടിയന്തര യോഗം ചേര്‍ന്നു. കളക്ടര്‍ എ.ആര്‍ അജയ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഐ.ടി.ഡി.പി ഓഫീസര്‍ പി. വാണിദാസ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാപ്പികൃഷി വികസനം, ജലസംരക്ഷണം, കൃഷി വികസനം, മൃഗസംരക്ഷണം, റെയില്‍ ഫെന്‍സിംഗ് തുടങ്ങി 42 കോടിയുടെ പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുക. രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി പുനരധിവാസ മേഖലയില്‍ ഉള്‍പ്പെട്ട 13 റോഡുകളും പുക്കോട് പുനരധിവാസ മേഖലയില്‍പ്പെട്ട ആറു റോഡുകളുടെ നിര്‍മ്മാണത്തിന് 12 കോടി അനുവദിക്കുന്നതിനും തീരുമാനമായി. ജോലിഭാരം കാരണം കല്‍പ്പറ്റ ബ്ലോക്കിന്റെ കീഴിലുണ്ടായിരുന്ന 79 വീടുകളുടെ നിര്‍മ്മാണം ഡി.ആര്‍.ഡി.എം ഏറ്റെടുത്ത് മറ്റു ഏജന്‍സികള്‍ക്കു നല്‍കും. സൈറ്റ് മാനേജരുടെ തസ്തിക നികത്താന്‍ സംസ്ഥാന മിഷനോട് ആവശ്യപ്പെടും.
ഒന്നാംഘട്ടത്തില്‍ പദ്ധതി പ്രദേശത്ത് 19 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കാപ്പികൃഷി വികസനത്തിനായി കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ 67 ലക്ഷം രൂപയുടെ പദ്ധതികളാണ് ഇത്തവണ നടപ്പിലാക്കുക. ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്യാന്‍ പരിശീലനം നല്‍കും. ഗോഡൗണ്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. മണ്ണു സംരക്ഷണ വകുപ്പിന്റെ കീഴില്‍ 2.7 കോടി രൂപയുടെ 13 ജലസംരക്ഷണ പദ്ധതികളും നടപ്പാക്കും. കുടിവെള്ളം, ചെക്ക്ഡാമുകള്‍, ജലസേചനം തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കുക. സുഗന്ധദ്രവ്യ വിളകളുടെ വികസനത്തിന് 31 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഒന്‍പതു കോടി ചെലവില്‍ റെയില്‍ ഫെന്‍സിംഗ് ഒരുക്കും. ജില്ലയില്‍ ആദ്യത്തെ റെയില്‍ ഫെന്‍സിംഗായിരിക്കുമിത്. ജലവിതരണ വകുപ്പിന്റെയും മണ്ണു സംരക്ഷണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.
- Log in to post comments