Skip to main content

ഒറ്റപ്പാലത്ത് 122 ക്ലാസ് മുറികള്‍ കൂടി സ്മാര്‍ട്ടാക്കും ഉണ്ണി എം.എല്‍.എ

 

    ഒറ്റപ്പാലത്ത് 122 ക്ലാസ് മുറികള്‍ കൂടി ഉടന്‍ ഡിജിറ്റലൈസ് ചെയ്യുമെന്ന് ഒറ്റപ്പാലം എം.എല്‍.എ പി ഉണ്ണി അറിയിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ എം.എല്‍.എ ഫണ്ട്, മണ്ഡലം ആസ്തി വികസന ഫണ്ട് എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ 108 സ്കൂളുകളിലെ ഒന്നാം ക്ലാസുകള്‍ക്കായി 122 ക്ലാസ്മുറികളാണ് ഒരുങ്ങുന്നത്. ഒരു ക്ലാസ് സ്മാര്‍ട്ട് ആക്കാന്‍ ഒരുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലാപ്ടോപ്പ്, സ്ക്രീന്‍, കംപ്യൂട്ടര്‍, പ്രൊജക്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയടക്കമാണ് ഓരോ ക്ലാസ് മുറികള്‍ക്കും നല്‍കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് ഫണ്ട് നല്‍കുന്നത്.
    യോഗത്തില്‍ എം.എല്‍.എ അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശിവരാമന്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ഒറ്റപ്പാലം നഗരസഭ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരി, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണര്‍(ജനറല്‍), മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2017-18 വര്‍ഷത്തെ  എം.എല്‍.എ ഫണ്ടില്‍ നിന്നുളളതും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതുമായ പ്രവര്‍ത്തികള്‍  സമയബന്ധിതമായി തീര്‍ക്കാനും യോഗം തീരുമാനിച്ചു

date