Skip to main content

ഓണംവാരാഘോഷം : വിസ്മയകാഴ്ചകള്‍ ആസ്വദിക്കാന്‍ ഇനി ഒരു നാള്‍ കൂടി

വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണംവാരാഘോഷത്തിന് നാളെ (സെപ്തംബര്‍ 12 ) തിരശീലവീഴും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ഓണംവാരാഘോഷത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഉദ്ഘാടന ദിവസമായ സെപ്തംബര്‍ ആറുമുതല്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 32 വേദികളും സജീവമായി. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സെപ്്തംബര്‍ ഒന്നിന് തന്നെ നഗരത്തിലെ ദീപാലങ്കാരം തുടങ്ങി. കാര്യവട്ടം മുതല്‍ മണക്കാട് വരെയും ശാസ്്തമംഗലം വിവേകാനന്ദ പാര്‍ക്ക് മുതല്‍ വെള്ളയമ്പലം ജംഗ്ഷന്‍ വരെയും വേളിടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കോവളം, നെയ്യാര്‍ഡാം, കോട്ടൂര്‍ എന്നിവിടങ്ങളിലും ഒരുക്കിയ ദീപാലങ്കാരം കാണാന്‍ നാളെക്കൂടി അവസരമുണ്ട്.

ഇതിന് പുറമെ കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറും എക്സിബിഷനും ഭക്ഷ്യമേളയും മറ്റൊരു ആകര്‍ഷണമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും മനസിലാക്കാന്‍ കഴിയുന്ന സ്റ്റാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ പ്രധാന ആകര്‍ഷണമാണ്. നിരവധി പേരാണ് രാവിലെ മുതല്‍ ഇവിടെയെത്തുന്നത്.

ഇതിനുപുറമെ ജില്ലയിലെ 32 വേദികളിലായി ദിവസവും നിരവധി പരിപാടികളും നടക്കുന്നുണ്ട്. ഇന്ന് (സെപ്തംബര്‍ 11) വൈകുന്നേരം 06.15ന് ഡോ. ഗായത്രി സുബ്രഹ്‌മണ്യം നയിക്കുന്ന കേരള നടനവും 07.15 മുതല്‍ മലയാള മനോരമ മെഗാഷോ ' പുതിയ കേരളം'  അരങ്ങേറും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറുമുതല്‍ നിര്‍മല്‍ പാലാഴിയും ഹരീഷ് കണാരനും നയിക്കുന്ന കോമഡി ഷോയും പൂജപ്പുരയില്‍ നജീം അര്‍ഷാദ് നയിക്കുന്ന ഗാനമേളയും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രമേഷ് നാരായണന്റെ സിംഫണി ഫ്യൂഷനും പ്രധാന ആകര്‍ഷണങ്ങളാണ്. വിജയ് യേശുദാസ്, റിമി ടോമി, ഔസേപ്പച്ചന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ സംഗീത നിശയും തൈക്കുടം ബ്രിഡ്ജ്, ഊരാളി, ചുമടുതാങ്ങി എന്നീ മ്യൂസിക് ബാന്‍ഡുകളുടെ പരിപാടിയും ഇതിനോടകം വിവിധ സ്റ്റേജുകളില്‍ അരങ്ങേറി. നവ്യ നായര്‍, പാരീസ് ലക്ഷ്മി ഉള്‍പ്പടെയുള്ളവര്‍ ക്‌ളാസിക്കല്‍ നൃത്തവുമായി അനന്തപുരിയുടെ രാവുകളെ മികവുറ്റതാക്കി. നാടന്‍ കലാരൂപങ്ങളും ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ നൃത്തവും അനുഷ്ഠാനകലകളും വിവിധ വേദികളിലും അരങ്ങേറി. എല്ലാ വിഭാഗം കലാ ആസ്വാദകരെയും സംതൃപ്തിപെടുത്തുന്ന തരത്തിലായിരുന്നു ഇത്തവണത്തെ ഓണാഘോഷ കലാവിരുന്ന്. സെപ്തംബര്‍ 12 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടു കൂടി ഈ വര്‍ഷത്തെ ഓണംവാരാഘോഷ  പരിപാടികള്‍ സമാപിക്കും.

date