ക്ലാസിക്കല്‍ ചുവടുകളുമായി നവ്യാനായര്‍; യുവത്വത്തിന്റെ ഹരമായി ചുമടുതാങ്ങി
ഓണം വാരാഘോഷത്തിന് തിരശീല വീഴാന്‍ ഒരു ദിവസം ശേഷിക്കെ, ഇന്നലെ (സെപ്തംബര്‍ 10) കനക്കുന്നിലെ ജനസാഗരത്തെ കാത്തിരുന്നത് ക്ലാസിക്കല്‍- പവര്‍പാക്ക് സമ്മിശ്രാനുഭവം. യുവത്വത്തിന്റെ ഹരമായി തിരുവനന്തപുരത്തിന്റെ സ്വന്തം ചുമടുതാങ്ങി ബാന്‍ഡ് എത്തിയതോടെ നിശാഗന്ധി ഒന്നടങ്കം തകര്‍ത്താടി. ഇരുന്നൂറിലധികം ഷോകള്‍ക്ക് നേതൃത്വം നല്‍കിയ ഏഴംഗസംഘം സ്വന്തമായി രചിച്ച പാട്ടുകള്‍, എല്ലാ വേദികളിലുമെന്നപോലെ കനകക്കുന്നിലും ഹിറ്റായി. മെലഡിയും തട്ടുപൊളിപ്പന്‍ പവര്‍ പാക്കും ഇടകലര്‍ത്തിയുള്ള അവതരണം എല്ലാത്തരം കാണികള്‍ക്കും ആസ്വാദ്യകരമായി.
ശേഷം ക്ലാസിക്കല്‍ പ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ മൂന്നുമണിക്കൂര്‍ സമ്മാനിച്ച് നടിയും നര്‍ത്തകിയുമായ നവ്യാനായര്‍ ചുവടുവച്ചപ്പോള്‍ നിശാഗന്ധിയിലെ സീറ്റുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ വിഭാഗങ്ങളാല്‍ സമ്പൂര്‍ണമായിരുന്നു നൃത്തസന്ധ്യ. ആരാധകരുടെ ഹൃദയം കീഴടക്കിയായിരുന്നു മലയാളത്തിന്റെ പ്രിയ നായികയുടെ മടക്കം. ഓണംവാരാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് (സെപ്തംബര്‍ 11) വൈകുന്നേരം 6.15 മുതല്‍ 7 വരെ ഡോ. ഗായത്രി സുബ്രഹ്‌മണ്യത്തിന്റെ കേരളനടനവും തുടര്‍ന്ന് മലയാളമനോരമ അവതരിപ്പിക്കുന്ന മെഗാഷോ- പുതിയ കേരളവും അരങ്ങേറും.
- Log in to post comments