Skip to main content

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 17 കോടി രൂപ അനുമതിയായി

എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്‌നേഹ സാന്ത്വനം പദ്ധതിയിലൂടെ  2022-23 വര്‍ഷത്തേക്ക് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. 17 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍  ഭരണാനുമതി നല്‍കിയതായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 2023 മാര്‍ച്ച് വരെ പ്രതിമാസം സാമ്പത്തിക സഹായം നല്‍കാന്‍ 10,17,19,200 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സ്‌നേഹ സാന്ത്വനം പദ്ധതിയിലൂടെ 39 ലക്ഷം രൂപയും ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്ക് പ്രത്യേക ആശ്വാസകിരണം പദ്ധതി മുഖേന 68,79,600 രൂപയുമാണ്  നീക്കിവെച്ചിരിക്കുന്നത്. പുതുതായി തിരിച്ചറിയപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ സഹായം നല്‍കാന്‍  സ്‌നേഹ സാന്ത്വനം പദ്ധതിയിലൂടെ 1,05,57,600 രൂപ അനുവദിച്ചു. പുതുതായി തിരിച്ചറിയപ്പെടുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കാന്‍ പ്രത്യേക ആശ്വാസകിരണം പദ്ധതിയിലൂടെ 8,40,000 രൂപയും വകയിരുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതം കണക്കിലെടുത്ത്  മൂന്ന് കോടി രൂപ ചെലവില്‍ നാല് എം.സി.ആര്‍.സിയും ( മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ) കൂടി ആരംഭിക്കും. പത്ത് എം.സി.ആര്‍.സി  ബഡ്‌സ് സ്‌ക്കൂളിലെയും  ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 3,18, 80,400 രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.  എം.സി ആര്‍.സിയിലെ ജീവനക്കാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി. എം.സി.ആര്‍.സി സംരക്ഷിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് ചേര്‍ന്ന പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗമാണ് 17 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
 

date