Skip to main content

നാടൻപാട്ടുകളുടെ താളവുമായി വേദിയിൽ നിറഞ്ഞ് നാന്തലക്കൂട്ടം

നാടൻപാട്ടുകളുടെ താളം കൊണ്ട്  വേദിയിൽ നിറഞ്ഞ് കോഴിക്കോട് നാന്തലക്കൂട്ടം. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണോത്സവത്തിലാണ് നാടൻപാട്ടുകളുടെ വിരുന്നൊരുങ്ങിയത്. കോഴിക്കോട് ബീച്ചിലെ വേദിയിലെത്തിയ നാന്തലക്കൂട്ടം നിറഞ്ഞ സദസ്സിനെ ഇളക്കി മറിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

താരകപ്പെണ്ണാളേ... എന്ന് തുടങ്ങുന്ന ഗാനമാണ് സംഘം ആദ്യം വേദിയിലെത്തിച്ചത്. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ഒള്ളുള്ളേരി.. ഒള്ളുള്ളേരി, മാണിക്യ മലരായ പൂവി, പാലാപ്പള്ളി തിരുപ്പള്ളി, ചാലക്കുടി ചന്തക്ക് പോകുമ്പോൾ, പകലുമുഴുവൻ പണിയെടുത്ത് തുടങ്ങിയ ഗാനങ്ങൾ ഗായകർക്കൊപ്പം ജനങ്ങളും ഏറ്റുപാടി.

മജീഷ് കാരയാട്, ധനേഷ് കാരയാട്, രജീഷ് കുറ്റ്യാടി, ഹരീഷ് കുറ്റ്യാടി, ഹൃദ്യ പേരാമ്പ്ര, രഞ്ജിത്ത് തൊട്ടിൽപ്പാലം, സോമൻ എരവട്ടൂർ, സുരേഷ് മടപ്പള്ളി തുടങ്ങിയ കലാകാരന്മാരാണ് കൊട്ടും പാട്ടും താളവുമായി വേദിയിലെത്തിയത്.

date