Skip to main content

കോഴിക്കോടിന്റെ ഓണോത്സവത്തിന് സമാപനം 

 

കോഴിക്കോടിന്റെ ഓണോത്സവത്തിന് വര്‍ണാഭമായ സമാപനം. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായാണ് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ ഒൻപത്, 10,11 തിയതികളിലായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ കലാ,കായിക,സംഗീത,നാടക,സാഹിത്യ പരിപാടികള്‍ അരങ്ങേറി.

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേര്‍ന്നൊരുക്കിയ ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷന്‍ ഷോ, സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക്കിന്റെ മ്യൂസിക് നൈറ്റ് ഇവന്റ്, ഗായിക രഹ്നയും സംഘവും നയിച്ച ഇശല്‍ നിശ, ആല്‍മരം മ്യൂസിക് ബാന്റിന്റെ മ്യൂസിക്കല്‍ ഇവന്റ്, ഉസ്താദ് റഫീഖ് ഖാന്‍ ഒരുക്കിയ സിതാര്‍ സംഗീത രാവ്, ശ്രീകാന്തും അശ്വതിയും ചേര്‍ന്നൊരുക്കിയ ക്ലാസിക്കല്‍ ഡാന്‍സ്, നാദിര്‍ഷയും സംഘത്തിന്റേയും മ്യൂസിക് ഡാന്‍സ് കോമഡി ഷോ, ദേവാനന്ദ്, നയന്‍ ജെ ഷാ, ഗോപികാ മേനോന്‍ തുടങ്ങിയവരുടെ ഗാനോത്സവം, സുഫി സംഗീതം, ചിത്ര അയ്യരും അന്‍വര്‍ സാദത്തും ഒരുക്കിയ ഗാനനിശ, പത്മഭൂഷണ്‍ സുധ രഘുനാഥന്റെ കര്‍ണാടിക് വോക്കല്‍, നാന്തലക്കൂട്ടം അവതരിപ്പിച്ച നാടന്‍ പാട്ട്, അനൂപ് ശങ്കറും സംഘവും ഒരുക്കിയ മ്യൂസിക് ഇവന്റ്, മറിമായം ടീമിന്റെ കോമഡി ഷോ, ഗായകരായ മിന്‍മിനിയും സുനില്‍ കുമാറും ഒരുക്കിയ സംഗീത രാവ്, തേജ് മെര്‍വിന്‍ ഒരുക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി, യുമ്‌ന ആന്‍ഡ് ടീമിന്റെ ഗാന നിശ, ഡോ. സമുദ്ര മധു, ഡോ. സമുദ്ര സജീവ് എന്നിവര്‍ ഒരുക്കിയ 'ജലം' കണ്ടംപററി ഡാന്‍സും മഞ്ജു വി. നായരും സംഘവും ഒരുക്കിയ 'ഭൗമി' ഭരതനാട്യം ബാലെയും ജില്ലയിലെ ഓണാഘോഷത്തിന് മാറ്റുക്കൂട്ടി.

നാടകോത്സവം, സാഹിത്യോത്സവം, കായിക മത്സരങ്ങള്‍, കായിക പ്രദര്‍ശനങ്ങള്‍, തുടങ്ങി കഴിഞ്ഞ ഒരാഴ്ചയായി നഗരം ഓണാഘോഷ തിമിർപ്പിലായിരുന്നു. 
സെപ്റ്റംബർ രണ്ട് മുതൽ നഗരം  ദീപാലംകൃതമാക്കിയാണ് ആഘോഷങ്ങൾക്ക് ആരംഭമായത്. രണ്ട് വർഷത്തെ കോവിഡ് അടച്ചിടലിനു ശേഷമെത്തിയ ഓണാഘോഷത്തെ ജനങ്ങൾ ഹൃദയത്തിലേറ്റെടുത്ത് ആഘോഷിക്കുകയായിരുന്നു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികളും സബ്കമ്മിറ്റികളും ചേർന്നാണ് ഓണാഘോഷം ഒരുക്കിയത്. ജില്ലയിലെ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ , എംപിമാർ എം എൽ എ മാർ തുടങ്ങിയ  ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും  ഒത്തു ചേർന്ന് നടത്തിയ ഓണാഘോഷത്തിന്റെ വേദികൾ  ജനങ്ങളുടെ പങ്കാളിത്തം കൊണ്ട്  സമ്പന്നമായിരുന്നു. കോഴിക്കോട്ടെ ജനങ്ങൾ  ഓണാഘോഷം ഏറ്റെടുത്ത് ഉത്സവമാക്കി മാറ്റി. സമാപന ദിവസം മുഴുവൻ വേദികളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

date