ഓണപ്പാട്ടുകൾ, നൃത്തച്ചുവടുകൾ: മൂന്നാംരാവും ആഘോഷത്തിമർപ്പിൽ
തോരാതെ പെയ്ത മഴയ്ക്കും ചോർത്താനാവാത്ത ആവേശത്തിൽ ഓണാഘോഷങ്ങളുടെ മൂന്നാം ദിനത്തിലും ജനം തേക്കിൻകാട്ടിലേക്ക് ഒഴുകിയെത്തി. രണ്ടുവർഷത്തിലേറെയായി ആഘോഷങ്ങൾ അന്യമായ പൂരനഗരി ഓണക്കാലത്തിന്റെ ആവേശം വാരിപ്പുണർന്നു. കൊച്ചിൻ ഹീറോസിന്റെ പാട്ടിനും നൃത്തത്തിനുമൊപ്പം നഗരവും ചുവടുവെച്ചു. ജയരാജ് വാരിയരും സംഘവും ഓണപ്പാട്ടുകൾ കോർത്തിണക്കിയ മ്യൂസിക് നൈറ്റുമായെത്തിയതോടെ മഴ മൂടിക്കെട്ടിയ തൃശ്ശൂരിന്റെ ആകാശത്ത് ഓണനിലാവ് പെയ്തു.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തൃശൂർ കോർപറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ മൂന്നാം ദിനത്തിലും ആയിരങ്ങളാണ് നഗരത്തിലെത്തിയത്. മഴ തോരാതെ നിന്നപ്പോഴും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ആഘോഷങ്ങൾക്ക് നിറമേകാൻ മടിച്ചില്ല. ഇരിപ്പിടങ്ങളും കടന്ന് പുറത്ത് കുടചൂടി നിന്നും പരിപാടികൾ കാണാൻ നിന്ന കാണികൾ കൗതുകമായി.
കൊച്ചിൻ ഹീറോസിലെ കലാകാരൻമാർ അവതരിപ്പിച്ച മെഗാഷോ വൈവിധ്യം കൊണ്ട് ഹൃദയം കവർന്നു. ഗാനങ്ങൾക്കും നൃത്തത്തിനുമൊപ്പം കാണികളും ചുവടുവെച്ചു. കലാകാരൻമാർ ഇറങ്ങിവന്ന് സദസ്സിനോപ്പം ചേർന്നതോടെ ആഘോഷങ്ങളുടെ അതിരുകൾ മാഞ്ഞു. കലാഭവൻ സതീഷ് 10 മിനിറ്റിൽ 102 ശബ്ദങ്ങൾ അനുകരിച്ച് അത്ഭുതം തീർത്തു.
തുടർന്ന് പാട്ടും ചിന്തയും കോർത്തിണക്കി തൃശ്ശൂരിന്റെ ജയരാജ് വാരിയരുമെത്തി. ചാറിനിന്ന മഴ വകഞ്ഞ് ഓണപ്പാട്ടിന്റെ, ഓണസ്മരണകളുടെ വർണക്കുടകൾ വിടർന്നു. ഓണപ്പാട്ടുകളും ചലച്ചിത്ര ഗാനങ്ങളും ഒപ്പം കവിതയും ഓർമകളും നിറഞ്ഞ ജയരാജ് വാരിയരുടെ അവതരണവും ചേർന്ന് കാണികളെ പിടിച്ചിരുത്തിയ ഒന്നര മണിക്കൂർ പരിപാടിയോടെ മൂന്നാം നാൾ ഓണാഘോഷത്തിന് തിരശീല വീണു.
നാലാം നാൾ സെപ്റ്റംബര്‍ 10ന് വൈകിട്ട് 5.30ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവയുണ്ടാകും.
സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് ഏറെക്കാലത്തിനുശേഷം നഗരത്തിൽ പുലികളിറങ്ങും. ഉച്ചയ്ക്ക് ശേഷം വിവിധ സംഘങ്ങളുടെ പുലിക്കളി ടീമുകൾ നഗരം കീഴടക്കും. ഇതോടെ അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് വരണാഭമായ സമാപനമാകും.
11ന് വൈകീട്ട് 6ന് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്, തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം എന്നിവ നടക്കും.
- Log in to post comments