Skip to main content
ചിത്രം : ലാവണ്യം 2022  ഓണാഘോഷത്തോടനുബന്ധിച്ച് അരീക്കൽ വെള്ളച്ചാട്ടത്തിന് സമീപം ദേവരാജ ഗാനസന്ധ്യ സംഘടിപ്പിച്ചപ്പോൾ

ലാവണ്യം 2022 ദേവരാജ സംഗീതത്തിന്റെ അകമ്പടിയിൽ പാട്ടിന്റെ പാലാഴിയായി അരീക്കൽ വെള്ളച്ചാട്ടം

 

സംഗീതത്തിന്റെ മാധുര്യവും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ താളവും ഒന്നു ചേർന്നപ്പോൾ പാട്ടിന്റെ പാലാഴിയായി അരീക്കൽ വെള്ളച്ചാട്ടം. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ലാവണ്യം 2022 ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ദേവരാജ ഗാനസന്ധ്യയായിരുന്നു ശ്രുതി മാധുര്യം കൊണ്ട് ശ്രോതാക്കളുടെ മനസ് കവർന്നത്. സുപ്രസിദ്ധ സംഗീതജ്ഞനായ ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച 26 ഗാനങ്ങളായിരുന്നു സദസ്സിനെ ധന്യമാക്കിയത്.

അരീക്കൽ വെള്ളച്ചാട്ടത്തിന് സമീപത്തെ വേദിയിലായിരുന്നു കോലഞ്ചേരി ദേവരാജ സംഗീത സഹൃദയ സദസിന്റെ ഗാനസന്ധ്യ അരങ്ങേറിയത്. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും പിന്നണി ഗായകനുമായ വിജേഷ് ഗോപാലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഞ്ച് ഗായകരും 10 ഓർക്കസ്ട്ര കലാകാരന്മാരും പങ്കാളികളായി. തെളിഞ്ഞ കാലാവസ്ഥയിൽ നിത്യഹരിത ഗാനങ്ങളുടെ മാന്ത്രികതക്കൊപ്പം അരീക്കലിന്റെ പ്രകൃതി സൗന്ദര്യവും ചേർന്നലിഞ്ഞത് കാണികൾക്ക് ഹൃദ്യമായി. വൻ ജനാവലിയായിരുന്നു പരിപാടിക്കായി തടിച്ചു കൂടിയത്.

പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന അരീക്കൽ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിന് ശേഷമായിരുന്നു  ഗാനസന്ധ്യ നടന്നത്. പൊതു സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, വൈസ് പ്രസിഡന്റ് ജിൻസൺ വി പോൾ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ നാരായണൻകുട്ടി, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date