കാക്കനാട് "എന്റെ കൂട് ' ഒരുങ്ങുന്നു
വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി മടങ്ങി പോകാൻ സാധിക്കാത്ത വനിതകൾക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന "എൻ്റെ കൂട്" താമസകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എൻ്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്.
പരീക്ഷകള്‍, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തി അന്നുതന്നെ മടങ്ങാൻ സാധിക്കാത്ത വനിതകള്‍ക്ക് എൻ്റെ കൂടില്‍ താമസിക്കാം. ജില്ലയുടെ ഭരണ സിരാകേന്ദ്രം എന്നതിനു പുറമെ ഇൻഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല, വിവിധ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി സ്ത്രീകള്‍ക്കു കേന്ദ്രത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വൈകീട്ട് അഞ്ചു മുതല്‍ രാവിലെ 7 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പരമാവധി 20 പേര്‍ക്ക് ഒരു സമയം ഇവിടെ താമസിക്കാം. സൗജന്യ താമസത്തിനു പുറമെ സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും.
രണ്ട് മള്‍ട്ടി ടാസ്കിങ് കെയര്‍ ടേക്കര്‍മാരേയും ഒരു ശുചീകരണ തൊഴിലാളിയേയും കേന്ദ്രത്തില്‍ നിയോഗിക്കും.
സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായിരിക്കും താമസിക്കാൻ സാധിക്കുന്നത്. മാസത്തില്‍ പരമാവധി മൂന്നു ദിവസം വരെ സൗജന്യമായി എൻ്റെ കൂടിന്റെ താമസ സൗകര്യം ഉപയോഗപ്പെടുത്താം. അധികമായി വരുന്ന ഓരോ ദിവസത്തിനും 150 രൂപ അധികമായി നല്‍കണം.
- Log in to post comments