റെക്കോർഡ് കളക്ഷനുമായി കോതമംഗലം കെ.എസ്.ആർ.ടി.സി
അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോതമംഗലം കെ.എസ്.ആർ.ടി.സി. ഒരു ദിവസത്തെ കളക്ഷനിലാണ് കോതമംഗലം കെ.എസ്.ആർ.ടി.സി വൻ നേട്ടം സ്വന്തമാക്കിയത്.
ഓണം അവധി കഴിഞ്ഞ ശേഷമുള്ള തിങ്കളാഴ്ച (സെപ്റ്റംബർ 12 ) കോതമംഗലം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയ ബസുകളിൽ നിന്ന് 10 ലക്ഷം രൂപയ്ക്ക് മുകളിൽ രൂപ വരുമാനം നേടാനായി. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം
10 ലക്ഷത്തിലധികം രൂപ കളക്ഷനായി കോതമംഗലം ഡിപ്പോയ്ക്ക് ലഭിക്കുന്നത്.
പ്രത്യേക സർവീസുകൾ അടക്കം 48 സർവീസുകളാണ് തിങ്കളാഴ്ച
ഡിപ്പോയിൽ നിന്ന് നടത്തിയത്. ഈ 48 ബസുകൾ ആകെ 17,388 കിലോമീറ്ററുകൾ സഞ്ചരിച്ച് 10,62,933 രൂപയാണ് കളക്ഷൻ നേടിയത്. ഓണം പ്രമാണിച്ച് യാത്രക്കാരുടെ അഭൂതപൂർവ്വമായ തിരക്ക് മുൻകൂട്ടി കണ്ട് പ്രത്യേക സർവീസുകൾ ക്രമീകരിച്ചതാണ് ഈ നേട്ടത്തിലേക്ക് നയിക്കാൻ കാരണം.
ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സുൽത്താൻബത്തേരി സൂപ്പർ ഫാസ്റ്റ് സർവീസിനാണ്, 50,300 രൂപ. തൊട്ട് പിന്നിലെത്തിയത് അഡിഷണൽ കാസർഗോഡ് സൂപ്പർ ഡീലക്സ് സർവീസാണ്. ഇതിൽ നിന്ന് 47,754 രൂപയാണ് കളക്ഷൻ ലഭിച്ചത്. കൂടാതെ ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിൽ പാലക്കാട് സർവീസിൽ നിന്ന് 34,441 രൂപയും നേടാനായി. ഓർഡിനറി വിഭാഗത്തിൽ കോതമംഗലം - എറണാകുളം സർവീസിൽ നിന്ന് ലഭിച്ചത് 26195 രൂപയാണ്. മികച്ച വരുമാനം നേടുന്നതിനായി പ്രയത്നിച്ച എല്ലാ ജീവനക്കാരെയും സോണൽ ഓഫീസറും ക്ലസ്റ്റർ ഓഫീസറും അഭിനന്ദിച്ചു.
- Log in to post comments