പഞ്ചായത്തുകള്‍ക്കുള്ള ദേശീയ അവാര്‍ഡ്, സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കി
സുസ്ഥിരവികസനം അടിസ്ഥാനമാക്കി ദേശീയതലത്തില്‍ പഞ്ചായത്തുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒമ്പത് വിഭാഗങ്ങളിലെ പുരോഗതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. പഞ്ചായത്തുകളുടെ നേട്ടങ്ങളും വിലയിരുത്തും. അവാര്‍ഡുകളിലേക്ക് പരിഗണിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്തുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശവും സംശയ ദൂരീകരണവും നടത്തി.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യുവിന്റെ അധ്യക്ഷതയിലാണ് പരിശീലനം നടന്നത്. സിഎംഒ ഡോ:ടി.കെ.വിജയകുമാര്‍, അസിസ്റ്റന്റ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ റിജു മാത്യു, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി.ഹരിദാസ്, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.ജെ.അമൃതരാജ്, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി.രമേശന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ദാരിദ്ര്യരഹിതം-മെച്ചപ്പെട്ട ഉപജീവന ഗ്രാമം, ആരോഗ്യം, ശിശു സൗഹൃദ പഞ്ചായത്ത്, വെള്ളം ആവശ്യത്തിന് ലഭ്യമാകുന്ന പഞ്ചായത്ത്, ശുചിത്വം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള പഞ്ചായത്ത്, സാമൂഹികപരമായി സുരക്ഷിതമായ പഞ്ചായത്ത്, മികച്ച ഭരണം കാഴ്ചവെക്കുന്ന പഞ്ചായത്ത്, സ്ത്രി സൗഹൃദ പഞ്ചായത്ത് എന്നീ ഒമ്പത് വിഭാഗങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഇതില്‍ ഓരോന്നിനും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പഞ്ചായത്തുകള്‍ക്ക് ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് അവാര്‍ഡ് നല്‍കും. ഗ്രാമ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും ഒന്നാം സ്ഥാനത്തിന് 50 ലക്ഷവും, രണ്ടാം സ്ഥാനത്തിന് 40 ലക്ഷവും, മൂന്നാം സ്ഥാനത്തിന് 30 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനത്തിന് ഒന്നരക്കോടിയും, രണ്ടാം സ്ഥാനത്തിന് ഒന്നേകാല്‍കോടിയും, മൂന്നാം സ്ഥാനത്തിന് ഒരു കോടിയുമാണ്.
എല്ലാ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന പഞ്ചായത്തുകള്‍ക്ക് നാനാജി ദേശ്മുഖ് സര്‍വ്വോത്തം അവാര്‍ഡ് നല്‍കും. അവാര്‍ഡ് തുക ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഒന്നാം സ്ഥാനം ഒന്നരക്കോടിയും, രണ്ടാം സ്ഥാനം ഒന്നേകാല്‍ കോടിയും, മൂന്നാം സ്ഥാനം ഒരു കോടി രൂപയുമാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്നാം സ്ഥാനത്തിന് ഒരു കോടിയും, രണ്ടാംസ്ഥാനത്തിന് 75 ലക്ഷവും, മൂന്നാം സ്ഥാനത്തിന് 50 ലക്ഷവും ജില്ലാ പഞ്ചായത്തുകള്‍ക്ക് ഒന്നാം സ്ഥാനത്തിന് അഞ്ച് കോടിയും, രണ്ടാം സ്ഥാനത്തിന് മൂന്ന് കോടിയും, മൂന്നാം സ്ഥാനത്തിന് രണ്ടു കോടി രൂപയുമാണ്.
- Log in to post comments