Skip to main content

ഉറവിട മാലിന്യ സംസ്‌കരണത്തിന് 443 വീടുകളില്‍ റിംഗ് കമ്പോസ്റ്റ് സ്ഥാപിച്ച് പുല്ലൂര്‍-പെരിയ

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ച് വളം ഉള്‍പ്പെടുന്ന പുനരുപയോഗത്തിനുള്ള ഉത്പന്നമാക്കുന്ന പദ്ധതിക്ക് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കാര്‍ത്ത്യായനി അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണത്തിന് 443 വീടുകളില്‍ റിംഗ് കമ്പോസ്റ്റ് സ്ഥാപിച്ചു. കേന്ദ്രാവിഷ്‌കൃത ഫണ്ടും തനത് ഫണ്ടും ഗുണഭോക്തൃവിഹിതവും സംയോജിപ്പിച്ച് 8.07ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവിടുന്നത്.
2021-22 വര്‍ഷം തയ്യാറാക്കിയ ശുചിത്വ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത.് 13 ഓളം പദ്ധതികള്‍ക്കാണ് ഇതിന്റെ ഭാഗമായി രൂപം നല്‍കിയത്. കളക്ടേഴ്സ് അറ്റ് ബിന്‍, ബയോ കമ്പോസ്റ്റ് ബിന്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ്, റിംഗ് കമ്പോസ്റ്റ്, മിനി എം.സി.എഫ്, ബോട്ടില്‍ ബൂത്ത്, ശുചിത്വ കലണ്ടര്‍, ശുചിത്വ ബോധവത്ക്കരണം, ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം, ഹരിതകര്‍മ്മ സേനക്കുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍. ഈ വര്‍ഷം മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ജില്ലയില്‍ എറ്റവും കൂടുതല്‍ ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കിയത് പുല്ലൂര്‍ പെരിയയിലാണ്. വി ഇ ഒ ജിജേഷ്.വി.ശശീന്ദ്രനാണ് പദ്ധതികളുടെ നിര്‍വ്വഹണം നടത്തുന്നത.് ശുചിത്വ പദ്ധതിയുടെ ഭാഗമായി പെരിയയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി പൂര്‍ത്തിയായതായും കല്യോട്ട്, അമ്പലത്തറ എന്നിവിടങ്ങളില്‍ വിശ്രമകേന്ദ്രം സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുമ കുഞ്ഞിക്യഷ്ണന്‍, ഷാഹിദ റാഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ബാബുരാജ്, വാര്‍ഡ് അംഗങ്ങളായ ടി.രാമകൃഷ്ണന്‍ നായര്‍, എം.വി.നാരായണന്‍, കെ.അംബിക എന്നിവര്‍ സംസാരിച്ചു. വി ഇ ഒ ജിജേഷ്.വി.ശശീന്ദ്രന്‍ സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു

date