വനവത്ക്കരണം; ജില്ലയില്‍ അയ്യായിരം തൈകള്‍ നടും
ജില്ലയെ കൂടുതല്‍ ഹരിതാഭമാക്കാനുള്ള പദ്ധതിയുമായ് സോഷ്യല്‍ ഫോറസ്ട്രിയും ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വനവത്ക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് തൈകള്‍ നടുന്നത്. ജില്ലയില്‍ 5000 തൈകളാണ് വിതരണം ചെയ്യുന്നത്. മുട്ടില്‍, എടവക, പുല്‍പ്പള്ളി, മൂപ്പൈനാട്, മേപ്പാടി, മുള്ളന്‍കൊല്ലി, അമ്പലവയല്‍ പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലുമാണ് ആദ്യഘട്ടത്തില്‍ തൈകള്‍ വിതരണം ചെയ്തത്. മുള, പേരക്ക, നെല്ലി, ഞാവല്‍, പുളി, ആര്യവേപ്പ് എന്നീ തൈകളാണ് വിതരണം ചെയ്യുന്നത്. മുട്ടില്‍, പുല്‍പ്പളളി, മൂപ്പൈനാട്, മേപ്പാടി, മുള്ളന്‍കൊല്ലി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ 500 വീതം തൈകളും എടവക പഞ്ചായത്തിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും 1000 വീതം തൈകളും വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി റവന്യു, വനം, പരിസ്ഥിതി, ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുഴ സംരക്ഷണത്തിനാണ് മുള തൈകള്‍ വിതരണം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍പ്പെടുന്ന റവന്യു ഭൂമികളിലും സ്വകാര്യ ഭൂമികളിലുമായിട്ടായിരിക്കും തൈകള്‍ നടുക.
- Log in to post comments