തെരുവ്‌നായ ശല്യം: നെന്‍മേനിയില്‍ പ്രതിരോധ കുത്തിവെപ്പ്
തെരുവ്‌നായ ആക്രമണവും പേവിഷബാധയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തില്‍ നായ്ക്കളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. 5 ദിവസമായി നടക്കുന്ന ക്യാമ്പ് അവസാനിക്കുമ്പോള്‍ പഞ്ചായത്തിലെ ആയിരത്തോളം നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്. ഒപ്പം പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കിയും ഭരണ സമിതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ലൈസന്‍സിനുള്ള അപേക്ഷകള്‍ കുത്തിവെപ്പ് നടത്തുന്ന സ്ഥലങ്ങളില്‍നിന്നും പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നുണ്ട്. നിശ്ചിത ദിവസത്തിന് ശേഷം വാര്‍ഡ്തലത്തില്‍ പരിശോധന നടത്തി ലൈസന്‍സ് ഇല്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി ശശി, ജയ മുരളി, സുജാത ഹരിദാസ്, വെറ്ററിനറി സര്‍ജന്‍ ഡോ. സിമിത ജോണ്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ബാബുമോന്‍, എന്‍.വി ധനേഷ്, കെ.ഇ സാബു, മേരി ജോസഫ്, അബ്ദുള്‍ റഷീദ്, വി.എസ് ബിന്ദു, കെ. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments