Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജില്ലാ തല വള്ളംകളി മത്സരം നാളെ

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ചുങ്കത്തറ ആറം പുളിക്കല്‍ കടവില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജില്ലാ തല വള്ളംകളി മത്സരം നാളെ (സെപ്റ്റംബര്‍ 12) ന് നടക്കും. മലയോര മേഖലയില്‍ ഇതാദ്യമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ നാല്  വടക്കന്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 10 ടീമുകള്‍ പങ്കെടുക്കും. 60 അടി നീളത്തിലുള്ള വള്ളം 30 പേര്‍ ചേര്‍ന്നാണ് തുഴയുക. ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകള്‍ സംഗമിക്കുന്ന വരക്കോട് കടവില്‍ നിന്നാരംഭിച്ച് ആറം പുളിക്കല്‍ കടവിലാണ് ഫിനിഷിംഗ് പോയിന്റ്. പുന്നപ്പുഴയിലെ ഏറ്റവും മനോഹരമായ പ്രദേശമാണ് ആറം പുളിക്കല്‍ കടവ്. പുന്നപ്പുഴയില്‍ 750 മീറ്റര്‍ നീളത്തിലാണ് മത്സരം. ഒന്നര ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.
ഉച്ചക്ക് ഒന്നിന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് 1.30 ന് മത്സരിക്കുന്ന ടീമുകളുടെ ജലഘോഷയാത്ര നടക്കും. തുടര്‍ന്ന് വള്ളംകളി മത്സരങ്ങള്‍ ആരംഭിച്ച് വൈകിട്ട് 5.30ന് സമാപിക്കും. പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹ്‌റലി ഉദ്ഘാടനം ചെയ്യും. മത്സരത്തിന് മുന്നോടിയായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാറും സംഘവും വള്ളംകളി പ്രദേശം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
ചാമ്പ്യന്‍സ് ബോട്ട് ലീഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ പത്മകുമാര്‍, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നജ്മുന്നീസ,  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് പി. ഷെബീര്‍, ജനപ്രതിനിധികളായ എം.ആര്‍ ജയചന്ദ്രന്‍, മുജീബ് തറമ്മല്‍, സി.എം ചന്ദ്രന്‍, എ.കെ വിനോദ് എന്നിവര്‍ സംസാരിച്ചു.

date