കോടഞ്ചേരിയിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിക്ക് തുടക്കമായി. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാർഡ്തല വിവരശേഖരണം, ക്യൂ ആർ കോഡ് പതിക്കൽ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു. ഖരമാലിന്യ സംസ്കരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ കോഡ് പതിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനാംഗങ്ങളുടെ സേവനങ്ങൾ ലഭ്യമായി എന്ന് ഉറപ്പുവരുത്തും. ശേഖരിക്കുന്ന മാലിന്യങ്ങളുടെ തരംതിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാനും മേൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും മോണിറ്റിങ് സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ലിസി ചാക്കോയുടെ അധ്യക്ഷതത്തിൽ ചേർന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാന സുബൈർ, പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments