പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി: പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച
നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം സെപ്റ്റംബർ 15 വ്യാഴം രാവിലെ 10.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ല കലക്ടർ എസ് ചന്ദ്രശേഖർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്ടർ പി ബി നൂഹ് തുടങ്ങിയവർ പങ്കെടുക്കും.
വളപട്ടണം പുഴയുടെ കൈവഴിയായി കാട്ടാമ്പള്ളി കടവ് വഴി മുണ്ടേരി ഗ്രാമപഞ്ചായത്ത് അതിർത്തി വരെയുള്ള പുഴയിലാണ് പുല്ലൂപ്പിക്കടവ്. ജലസാഹസിക ടൂറിസത്തിന് അനുയോജ്യമായ ഈ കടവിൽ 4.15 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. പുഴ മത്സ്യ വിപണനത്തിനായി മൂന്ന് വിൽപന സ്റ്റാളുകൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾക്കായി എട്ട് കിയോസ്‌കുകൾ, 25 പേർക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഫ്ളോട്ടിംഗ് ഡൈനിംഗ് സംവിധാനങ്ങൾ, ബോട്ടിംഗ്, കയാക്കിംഗ്, നാടൻ വള്ള സഞ്ചാര സൗകര്യങ്ങൾ, നടപ്പാതകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ജല ടൂറിസത്തിന്റെ വൈവിധ്യ ഘട്ടങ്ങൾ ഉൾക്കൊള്ളിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ ഒരുങ്ങുന്നത്. കണ്ണൂർ നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം ദൂരമുള്ള പുല്ലൂപ്പി ക്കടവിലെ ടൂറിസം പദ്ധതി ഉത്തര മലബാറിന്റെ ടൂറിസം വികസനത്തിൽ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- Log in to post comments