Skip to main content

പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 

നൈപുണ്യ വികസനത്തിന് വലിയ സാധ്യതകളേകുന്ന അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സെപ്റ്റംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിക്കും.

നൂതന തൊഴിൽ മേഖലകൾക്ക് അനുയോജ്യമായ വിധത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ പരിജ്ഞാനം ഉള്ളവരുമായ യുവജനതയെ വാർത്തെടുക്കാനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് അഡീഷണൽ സ്‌കിൽ അസോസിയേഷൻ പ്രോഗ്രാം അഥവാ അസാപ്. അസാപിന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കിൽ പാർക്കാണിത്. 33780 ചതുരശ്ര അടിയിൽ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് കെട്ടിട നിർമ്മാണം. പ്രീ ഫാബ് ടെക്‌നോളജി ഉപയോഗിച്ച് പൂർത്തീകരിച്ച കണ്ണൂർ ജില്ലയിലെ ആദ്യ സർക്കാർ കെട്ടിടം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മൂന്ന് നിലകളിൽ അത്യാധുനിക ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ, ലോക്കർ സൗകര്യമുള്ള വസ്ത്രങ്ങൾ മാറാനുള്ള മുറികൾ, മീറ്റിംഗ് റൂമുകൾ, സെർവർ റൂം, നെറ്റ് വർക്ക് കണക്റ്റിവിറ്റിയുള്ള ഐ.ടി ലാബ് എന്നിവയും 66000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ (എൻ. ടി. ടി.എഫ്) ആണ് സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ണർ. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 പാർക്കുകളിൽ ഒന്നാണ് ധർമ്മടം മണ്ഡലത്തിലെ പാലയാട് നിർമ്മിച്ചിട്ടുള്ളത്.

തൊഴിൽ സാധ്യത ഏറെയുള്ള ടൂൾ എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ്, ടൂൾ ഡിസൈനിംഗ് പ്രിസിഷൻ ആൻഡ്  സി.എൻ.സി മെഷിനിംഗ് കൺവെൻഷനണൽ ആൻഡ് സി.എൻ.സി വെർട്ടിക്കൽ മില്ലിങ്ങ്, കോൺവെൻഷനണൽ ആൻഡ്  സി എൻ സി ടേണിങ് കോഴ്സുകൾ എൻ ടി ടി എഫിന്റെ നേതൃത്വത്തിൽ നടത്തും. കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിലും ഇവിടെ പരിശീലനം നൽകും. പ്ലസ് ടു കഴിഞ്ഞവർക്കാണ് പ്രവേശനം. കൂടാതെ ബിടെക് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്കായി ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കോഴ്സുകൾക്കായി നാല് വിഭാഗത്തിലുള്ള 44 മെഷിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്ത്ത്, മില്ലിംഗ്, ഡ്രില്ലിംഗ്, ഗ്രൈന്റിംഗ് എന്നീ മെഷിനുകൾ ഉൾക്കൊളളുന്ന കൺവെൻഷണൽ മെഷീൻ, ലെയ്ത്ത്, മില്ലിംഗ് എന്നിവ ഉൾക്കൊളളുന്ന കമ്പ്യൂട്ടറൈസ്ഡ് ന്യൂമെറിക്ക് കൺട്രോൾ മെഷീൻ, ത്രീഡി പ്രിന്റർ മെഷിൻ, ഇലക്ട്രിക്ക് ഡിസ്ചാർജ് മെഷീൻ എന്നിവയാണവ.  

പ്രതിവർഷം 400 ഓളം ഉദ്യോഗാർഥികളെ പരിശീലിപ്പിച്ചു തൊഴിൽ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താൻ ക്യാമ്പസ് പ്ലെയ്സ്മെന്റ് സഹായം നൽകും. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി മെയിന്റനൻസ് തുടങ്ങി വരും കാലത്തെ തൊഴിൽ സാധ്യതകൾ കണ്ടെത്തി അതിനനുസൃതമായ കോഴ്സുകളും ഉടൻ ആരംഭിക്കും. പൊതു സമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ഒരു യൂനിറ്റും സെന്ററിൽ പ്രവർത്തിക്കും

date