കണ്ണൂര്‍ അറിയിപ്പുകള്‍ 14-09-2022
ഗതാഗത നിയന്ത്രണം
മാട്ടൂൽ-മടക്കര പാലത്തിന്റെ എക്‌സ്പാൻഷൻ ജോയിന്റിൽ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ ഒരു മാസത്തേക്ക് പാലത്തിൽ കൂടിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പയ്യന്നൂർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.
ഫോട്ടോഗ്രാഫി മത്സര വിജയികൾ
കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂർ പാക്കേജിന്റെ ഭാഗമായി കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോ നടത്തിയ വാഗമൺ കുമരകം യാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രാവൽ ഫോട്ടോഗ്രാഫി മത്സരവിജയികളെ പ്രഖ്യാപിച്ചു. നമിത നാരായണൻ, കോളയാട് ഒന്നാം സ്ഥാനവും എം വി വിനോദ് കുമാർ രണ്ടാം സ്ഥാനവും ദൃശ്യ ദാസ്, മാതമംഗലം മൂന്നാം സ്ഥാനവും നേടി. ക്യാമറാമാൻ പുഷ്പജൻ തളിപ്പറമ്പാണ് മത്സരത്തിന് നേതൃത്വം നൽകിയത്. സമ്മാനങ്ങൾ കണ്ണൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ വിതരണം ചെയ്യുമെന്ന് ടൂർ കോ ഓർഡിനേറ്റർ അറിയിച്ചു.
എസ് സി കോളനികളിലെ മിനി മാസ്റ്റ് ലൈറ്റിന് ഭരണാനുമതി
മുൻ രാജ്യസഭാ എംപി കെ കെ രാഗേഷിന്റെ 2019-20ലെ പ്രാദേശിക വികസന നിധിയിൽനിന്ന് 18,51,952 രൂപ വിനിയോഗിച്ച് ജില്ലയിലെ പട്ടിക ജാതി കോളനികളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ വേളാപുരം എസ് സി കോളനി, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറുമൂല എസ് സി കോളനി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ കിളിയലം എസ് സി കോളനി, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഐ എ വൈ എസ് സി കോളനി, വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പാതിരയാട് ഭൂരഹിത എസ് സി കോളനി, ലയൺമുക്ക് എസ് സി കോളനി, പട്ടുവം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേച്ചാൽ എസ് സി കോളനി, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മുണ്ടേരി എസ് സി കോളനി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ആലത്തട്ട് എസ് സി കോളനി, തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂൽ സാംബ എസ് സി കോളനി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒമ്പത് കോളനികൾക്ക് 1,85,195 രൂപ വീതവും കുട്ടിമാക്കൂൽ സാംബ എസ് സി കോളനിക്ക് 1,85,197 രൂപയുമാണ് അനുവദിച്ചത്.
വാഹന വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ ഓട്ടോറിക്ഷ മുതൽ ടാക്‌സി കാർ/ഗുഡ്‌സ് കാരിയർ ഉൾപ്പെടെ കമേഴ്‌സ്യൽ വാഹനങ്ങൾ വാങ്ങാൻ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴിൽ രഹിതരായ പട്ടികജാതി പട്ടികവർഗത്തിലെ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10,00,000 രൂപയാണ് വായ്പാ തുക. അപേക്ഷകർ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ താഴെയുളളവരുമായിരിക്കണം. പ്രായം 18നും 55നും ഇടയിൽ. അപേക്ഷകർക്ക് വാഹനം ഓടിക്കാനുള്ള ലൈസൻസുണ്ടാവണം. ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പകൾ നൽകും. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ :0497 2705036, 9400068513
സപ്പോർട്ട് എഞ്ചിനീയർ അഭിമുഖം
സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് എഞ്ചിനീയറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലുളളവർക്ക് സെപ്റ്റംബർ 17 ശനി രാവിലെ 10 മുതൽ നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത: ബിടെക്/ എം സി എ/ എം എസ് സി (കമ്പ്യൂട്ടർ സയൻസ്). താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സി-ഡിറ്റ് റീജിയണൽ സെന്റർ, അഞ്ചാംനില, റബ്‌കോ ഹൗസ്, സൗത്ത് ബസാർ, കണ്ണൂർ എന്ന വിലാസത്തിൽ എത്തുക, ഫോൺ: 9895788334, 9447401523. വെബ്‌സൈറ്റ്: www.cdit.org.
സൗജന്യ മത്സരപരീക്ഷാ പരിശീലനം
വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. ബിരുദധാരികൾക്കും പി എസ് സി, എസ് എസ് സി മുതലായ മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്കും മുൻഗണന. താൽപര്യമുള്ളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സെപ്റ്റംബർ 22ന് മുമ്പ് ഫോൺ നമ്പർ സഹിതമുള്ള അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700831
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ ദുർഭലവിഭാഗത്തിൽപ്പെട്ട നായാടി, വേടൻ, ചക്ലിയൻ, അരുന്ധതിയാർ എന്നീ സമുദായത്തിലെ കുടുംബങ്ങളിൽനിന്ന് പഠനമുറി-ടോയ്‌ലെറ്റ് നിർമ്മാണം, ഭവനപുനരുദ്ധാരണം, കൃഷിഭൂമി എന്നീ പദ്ധതികളിലേക്കുള്ള അപേക്ഷയും യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ ചെയ്യാനുള്ള അപേക്ഷയും ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള പ്രൊജക്ട് റിപ്പോർട്ടും ആവശ്യമായ തുകയും സഹിതം ബന്ധപ്പെട്ട ബ്ലോക്ക് / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 30നകം സമർപ്പിക്കണം. ഫോൺ : 0497 2700596
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് ഐ ഡി കാർഡ് പ്രിന്റ് ചെയ്യാൻ ആവശ്യമായ മെറ്റീരിയൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 27ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
താൽക്കാലിക അധ്യാപക ഒഴിവ്
തോട്ടട ഗവ. വിഎച്ച്എസ്എസിൽ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് വിഷയത്തിൽ നോൺ വെക്കേഷണൽ ടീച്ചർ ജൂനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് ഉണ്ട്. 60 ശതമാനം മാർക്കോടെ എംകോം, ബി.എഡ്, സെറ്റ് ആണ് യോഗ്യത. അഭിമുഖം സെപ്റ്റംബർ 17ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ.
നോർക്ക എറണാകുളം സെന്ററിൽ
15ന് അറ്റസ്റ്റേഷൻ ഇല്ല
ചില സാങ്കേതിക കാരണങ്ങളാൽ നോർക്കയുടെ എറണാകുളം സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ സെപ്റ്റംബർ 15 ന് (വ്യാഴാഴ്ച) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
സ്ത്രീ ശാക്തീകരണ പരിശീലനം
സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ ഹോം നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ചോല നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ പരിശീലനം നൽകുന്നു. കണ്ണൂർ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവുമായി സഹകരിച്ച് സെപ്റ്റംബർ 19, 20 തീയതികളിലാണ് പരിശീലനം. പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 47നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മുൻഗണന. ഫോൺ: 6360965454, 9605494575, 9961218579
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആന്റ് സിഗ്‌നലർ തസ്തികയിലേക്ക് (383/2019) പി എസ് സി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വലിയന്നൂർ, കാനന്നൂർ ഹാൻഡ്‌ലൂം, കാമറിൻ എന്നിവിടങ്ങളിൽ സെപ്റ്റംബർ 15ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയും ചാലിൽ മെട്ട, പൊലുപ്പിൽ കാവ്, കടാങ്കോട്, കടാങ്കോട് പള്ളി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഉമ്മറപ്പൊയിൽ, ഏണ്ടി എന്നിവിടങ്ങളിൽ സെപ്റ്റംബർ 15ന് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ച് വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഹിന്ദുസ്ഥാൻ, തങ്കേക്കുന്ന്, പി വി എസ്, നൂഞ്ഞിയൻകാവ്, ആറ്റടപ്പസ്‌കൂൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 15ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും (വെള്ളി)
പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അംബിക റോഡ്, മൂകാംബിക ടെമ്പിൾ, അധികാരി റോഡ്, റോയൽ വ്യൂ, കുന്നാവ്, പള്ളിക്കുളം പാലം, പള്ളിപ്രം ശ്രീകൃഷ്ണ ടെമ്പിൾ പരിസരം, ഗായത്രി ടാക്കീസ് പരിസരം എന്നീ ഭാഗങ്ങളിൽ സെപ്റ്റംബർ 16 വെള്ളി രാവിലെ 9.30 മുതൽ വൈകീട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
- Log in to post comments