Skip to main content

മഞ്ഞപ്പുഴ സംരക്ഷണ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ - സംസ്ഥാനതല സംഘം സന്ദർശനം നടത്തി

 

ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ- രാമൻപുഴ സംരക്ഷണ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നവകേരളമിഷന്റെ സംസ്ഥാനതല സംഘം സന്ദർശനം നടത്തി. പനങ്ങാട് പഞ്ചായത്തിലെ മഞ്ഞപ്പുഴയുടെ വിവിധ ഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. സച്ചിൻ ദേവ് എം.എൽ. എയും സംഘത്തിനൊപ്പം സ്ഥലം സന്ദർശിച്ചു. എം. എൽ. എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നവകേരളമിഷൻ സംസ്ഥാന കോർഡിനേറ്റർ ടി. എൻ സീമയുടെ നിർദ്ദേശ പ്രകാരമാണ് സംഘം എത്തിയത്.

സ്ഥലത്ത് നടപ്പിലാക്കാൻ സാധിക്കുന്ന വിവിധ വികസന പദ്ധതികളുടെ സാധ്യത സംഘം വിലയിരുത്തി.  മഞ്ഞപ്പുഴ സംരക്ഷണം ജനകീയ കാമ്പയിനായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പനങ്ങാട്, ബാലുശ്ശേരി, കോട്ടൂർ, നടുവണ്ണൂർ, ഉള്ളിയേയരി എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് മഞ്ഞപ്പുഴ ഒഴുകുന്നത്. 

വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പുഴയെ മാലിന്യമുക്തമാക്കി സുഗമമായ ഒഴുക്ക് സാധ്യമാക്കുന്നതിനൊപ്പം തീര സംരക്ഷണം, തീരത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ പദ്ധതികളാണ് സമഗ്ര മാസ്റ്റർപ്ലാനിൽ ഉൾപ്പെടുക.

പറമ്പത്ത് താഴെ, കറ്റോട്, താനത്തിൽ താഴെ, കോട്ടനട, ആറാളക്കൽ, കാട്ടാംവള്ളി തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. നവകേരള മിഷൻ കൺസൾട്ടന്റുമാരായ അബ്രഹാം കോശി , ടി.പി.സുധാകരൻ, ടെക്നിക്കൽ ഓഫീസർമാരായ രാജേന്ദ്രൻ നായർ, സതീശ് ആർ.വി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ പി. പ്രകാശ്, റിസോഴ്സ് പേഴ്സൺമാരായ കൃഷ്ണപ്രിയ. എം.പി., രാജേഷ് എ, ജസ്ലിൻ പി.കെ. എന്നിവരാണ് സംഘത്തിലുള്ളത്. സംഘം ഇന്നും(സെപ്റ്റംബർ 15) മണ്ഡലത്തിൽ സന്ദർശനം നടത്തും.

ബാലുശ്ശേരി ഗവ.റസ്റ്റ് ഹൗസിൽ  എം. എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗവും നടത്തി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, പനങ്ങാട് ഗ്രാമ പഞ്ചായത്തംഗം കെ.വി. മൊയ്തി, ജനപ്രതിനിധികൾ തുടങ്ങിയവർ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

date