തെരുവുനായ ശല്യത്തിന് പരിഹാര നടപടികളുമായി പൊന്നാനി നഗരസഭ
വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികളുമായി പൊന്നാനി നഗരസഭ. തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതിയായ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പ്രോഗ്രാം നഗരസഭയില്‍ നേരിട്ട് നടപ്പിലാക്കാന്‍ തീരുമാനമായി. ഈ മാസവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വളര്‍ത്തു പട്ടികള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ക്കായുള്ള വാക്‌സിനേഷനായി രണ്ടാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന തീവ്രയത്ജ്ഞ പരിപാടിയും സംഘടിപ്പിക്കും. തെരുവ്‌നായ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുന്നതിന് കഴിഞ്ഞ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു.
നഗരസഭ നേരിട്ടാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതിക്കാവശ്യമായ ഓപ്പറേഷന്‍ തിയേറ്റര്‍, ഇലക്ട്രിക് ഓപ്പറേഷന്‍ ടേബിള്‍, ഡബിള്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ലൈറ്റുകള്‍, ഫുള്ളി സ്‌റ്റൈന്‍ലസ് സ്റ്റീല്‍ നിര്‍മ്മിതവുമായ എയര്‍കണ്ടീഷന്‍ മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററും പ്രീ പ്രിപ്പറേഷന്‍ സൗകര്യങ്ങളും പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ തുടങ്ങിയ സംവിധാനങ്ങള്‍ നഗരസഭ ഒരുക്കും. അതോടൊപ്പം ആവശ്യമായ ഡോക്ടര്‍മാരെയും ഡോഗ് കാച്ചേഴ്‌സ് അടക്കമുള്ള മറ്റു ജീവനക്കാരെയും നഗരസഭ കരാറടിസ്ഥാനത്തില്‍ നിയമിക്കും.
നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനസുദേശന്‍, നഗരസഭാ സെക്രട്ടറി എസ്. സജിറൂന്‍, മൃഗ ഡോക്ടര്‍മാരായ സിനി സുകുമാരന്‍, അങ്കി റസ്, വിനീത് രവീന്ദ്രന്‍, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഹുസൈന്‍, പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments