തൊഴിലന്വേഷകരേ ഇതിലെ...തൊഴില്‍ സഭകള്‍ നിങ്ങള്‍ക്കരികില്‍
ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍രഹിതരായിക്കഴിയുന്നവര്‍ക്കിടയിലേക്ക് തൊഴില്‍സഭകളുമായി സര്‍ക്കാര്‍ എത്തുന്നു. ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍സഭകള്‍ നടത്തി യോഗ്യതക്കനുസരിച്ച് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സഭകള്‍ ചേരുക. ഓരോ തൊഴില്‍സഭകളിലും പരമാവധി 250 പേരെ പങ്കെടുപ്പിക്കും. കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒന്നിലധികം സഭകള്‍ സംഘടിപ്പിച്ച് തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള വിവരകൈമാറ്റം നടത്തും.
സര്‍ക്കാരിന്റെ വിവിധ തൊഴില്‍ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, തൊഴിലന്വേഷകര്‍ക്ക് അവരുടെ യോഗ്യതക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴില്‍ കണ്ടെത്തുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുക, വിജ്ഞാനാധിഷ്ഠിത തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തൊഴില്‍ സഭകള്‍ നടത്തുന്നത്. എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വേയിലൂടെ കണ്ടെത്തിയ തൊഴില്‍രഹിതരെ പഞ്ചായത്തുതലത്തില്‍ നടത്തുന്ന സഭകളിലേക്ക് പ്രത്യേകം ക്ഷണിക്കും. ഇവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും.
പദ്ധതിയുടെ ഏകോപനത്തിനായി റിസോഴ്‌സ് പേഴ്‌സണ്‍മാരുണ്ട്. തൊഴില്‍ നേടാനും സംരംഭങ്ങള്‍ തുടങ്ങാനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ഇവര്‍ നല്‍കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ റിസോഴ്സ്പേഴ്സണ്‍മാര്‍ക്കായി തൊഴില്‍ സഭ പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 41 തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു കമ്മ്യൂണിറ്റി അംബാസിഡറും ഒരു ഫെസിലിറ്റേറ്ററും ഉണ്ട്.
പ്രാദേശിക സംരംഭങ്ങളും തൊഴില്‍ സാധ്യതകളും കണ്ടെത്തി തൊഴിലന്വേഷകരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതല്‍ അനുയോജ്യമാക്കുകയെന്നതും തൊഴില്‍സഭകളുടെ ലക്ഷ്യമാണ്. കൂടാതെ തൊഴില്‍ സംരംഭക ക്ലബ്ബുകള്‍ രൂപീകരിച്ച് തൊഴില്‍ നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും സഭകളില്‍ നടക്കും. തൊഴിലന്വേഷകരെ വാര്‍ഡ് അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ് ഗ്രാമസഭ മാതൃകയിലാണ് തൊഴില്‍സഭ നടത്തുക.
- Log in to post comments