Skip to main content
ഹരിത കർമസേനയ്ക്കായി വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ

ഹരിത കർമസേനയെ സ്മാർട്ടും ഹരിതവുമാക്കാൻ വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്

 

ഹരിത കർമസേനയെ പൂർണമായും ഹരിതമാക്കാൻ വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്. വീടുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി രണ്ട് ഇലക്ട്രിക് ഓട്ടോ റിക്ഷകളാണ് പഞ്ചായത്ത് ഭരണ സമിതി വാങ്ങിയത്. ഇന്ധന ലാഭത്തിനൊപ്പം മലിനീകരണം കുറക്കുക എന്ന സന്ദേശം കൂടിയാണ് ഇതു വഴി നൽകുന്നത്. 

പഞ്ചായത്തിലെ 16 വാർഡുകളിലായി 32 പേരാണ് ഹരിത കർമ സേനയിലുള്ളത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന ടിപ്പർ ലോറി ഉപയോഗിച്ചായിരുന്നു പുത്തൻകുരിശ് വടയമ്പാത്തുമലയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) എത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ലോറി ഉപയോഗ ശൂന്യമായതോടെ മാസങ്ങളായി വൻതുക വാടക നൽകി മറ്റൊരു വാഹനത്തിലാണ് മാലിന്യ നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തമായി ഇ - ഓട്ടോറിക്ഷകൾ വാങ്ങാൻ ഭരണ സമിതി തീരുമാനിച്ചത്. നാല് ലക്ഷം രൂപയുടെ രണ്ട് ഓട്ടോറിക്ഷകളാണ് നിലവിൽ വാങ്ങിയിട്ടുള്ളത്.

പഞ്ചായത്തിനെ എട്ട് വാർഡുകൾ വീതമുള്ള രണ്ട് ബ്ലോക്കുകളായി തിരിച്ച് ഓരോന്നിനും ഒരു വാഹനം വീതമാണ് മാലിന്യ നീക്കത്തിനായി നൽകുക. ഹരിത കർമസേനാംഗങ്ങളെ പ്രത്യേക പരിശീലനം നൽകി ഓട്ടോറിക്ഷ ഓടിക്കാൻ പ്രാപ്തരാക്കാനാണ് തീരുമാനം. ഇന്ധനച്ചിലവ്, ഡ്രൈവറുടെ ശമ്പളം എന്നിവ ഇല്ലാതാകുന്നതോടെ സേനാംഗങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പറഞ്ഞു. അറ്റകുറ്റപ്പണികൾ കുറവാണെന്നതും ഇലക്ട്രിക് വാഹനങ്ങളുടെ മേന്മയാണ്.

ഹരിത കർമസേനക്ക് നൽകുന്നതിന്  മുന്നോടിയായി ഓട്ടോറിക്ഷകളെ മാലിന്യം കൊണ്ടു പോകുന്നതിനുള്ള പിക്കപ്പ് വാനുകളുടെ മാതൃകയിലാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒക്ടോബറോടെ വാഹനങ്ങൾ നൽകാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

date