Skip to main content
ജൽ ജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിലാക്കാൻ നടപടി

 

എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതിയായ ജൽ ജീവൻ മിഷന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദ്ദേശം നൽകി. പദ്ധതിയുടെ പ്രവർത്തന പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. 

പൈപ്പിടുന്നതിന് സർക്കാർ ഭൂമി വാട്ടർ അതോറിറ്റിക്ക് കൈമാറി ലഭിക്കുന്നതിനുള്ള പ്രശ്നങ്ങൾ, സ്വകാര്യ ഭൂമി ഏറ്റെടുക്കൽ, പൈപ്പ് ഇടുന്നതിന് റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടങ്ങിയവയാണ് പദ്ധതി നടത്തിപ്പിലെ പ്രധാന തടസങ്ങൾ. 14 സർക്കാർ പുറമ്പോക്ക് ഭൂമിയും 16 സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലവുമാണ് ഇനി വാട്ടർ അതോറിറ്റിക്ക് കൈമാറ്റം ചെയ്ത് ലഭിക്കാനുള്ളത്. പെരുമ്പാവൂർ, കൊച്ചി, കട്ടപ്പന, മുവാറ്റുപുഴ പ്രൊജക്ട് ഡിവിഷനുകളിലായാണ് ഈ സ്ഥലങ്ങൾ. സർക്കാർ ഭൂമിയുടെ മൂല്യനിർണ്ണയം പൂർത്തിയാക്കാനുള്ളവ ഉടൻ പൂർത്തീകരിച്ച് നൽകാൻ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കളക്ടർ നിർദേശം നൽകി. ജില്ലാതലത്തിൽ പരിഹാരം കാണാൻ കഴിയാത്ത പ്രശ്നങ്ങൾ സംസ്ഥാന തലത്തിൽ എത്തിച്ച് പരിഹാരം വേഗത്തിലാക്കും. പൈപ്പിടുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റിയുടെ അനുമതി ആവശ്യമായ കേസുകളും സംസ്ഥാന തലത്തിൽ പരിഹരിക്കും. 

കൊച്ചി ഡിവിഷനു കീഴിലുള്ള ഉദയംപേരൂരിൽ 18 സെന്റ് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മാസം 20 നകം തീർപ്പാക്കാൻ കളക്ടർ നിർദേശിച്ചു. കോണോത്ത് പുഴയിലേക്കുള്ള റീച്ചിന്റെ ഭാഗത്തെ അതിർത്തി തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർവേ ഉടൻ പൂർത്തീകരിക്കാനും നിർദേശിച്ചു. പുത്തൻകുരിശിൽ ഏറ്റെടുക്കാനുള്ള സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട് ഉടമസ്ഥരെ കൂടി ഉൾപ്പെടുത്തി യോഗം ചേരും. 

കട്ടപ്പന ഡിവിഷനു കീഴിലുള്ള അഞ്ച് വനഭൂമികളിൽ പൈപ്പ് ഇടുന്നതിന് വനം വകുപ്പിന്റെ അനുമതിക്ക് ഒരു ദിവസത്തിനകം അപേക്ഷ നൽകം. ഊരുകൂട്ടം ചേർന്ന ശേഷമായിരിക്കും അനുമതിക്കുള്ള നടപടികൾ പൂർത്തീകരിക്കുക. 

പദ്ധതി നടത്തിപ്പിന് റെയിൽവേയുടെ അനുമതി ലഭിക്കാനുള്ളത് ജൽ ജീവൻ മിഷന്റെ കട്ടപ്പന ഡിവിഷനു കീഴിലുള്ള അഞ്ച് സ്ഥലങ്ങളിലാണ്. പെരുമ്പാവൂരിൽ രണ്ടിടങ്ങളിലും റെയിൽവേ അനുമതി നൽകാൻണ്ട്. ഇവിടെ സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. 

കൊച്ചി, പെരുമ്പാവൂർ ഡിവിഷനു കീഴിലാണ് ദേശീയപാതയുടെ അനുമതി ലഭിക്കാനുള്ളത്. പൈപ്പിടുന്നതിന് റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും ഉടൻ പൂർത്തീകരിക്കാൻ കളക്ടർ നിർദ്ദേശിച്ചു. 
ഹർ ഘർ ജൽ പദ്ധതി നടത്തിപ്പ് സംബന്ധിച്ച പുരോഗതിയും യോഗത്തിൽ  അവലോകനം ചെയ്തു.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ എ. ഷിബു, അസിസ്റ്റന്റ് കളക്ടർ ( അണ്ടർ ട്രെയ്നിംഗ് ) ഹർഷൽ ആർ. മീണ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് , റവന്യൂ  വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date