കോട്ടപ്പടി കുടിവെള്ള പദ്ധതി: 4.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ അടുത്ത ആഴ്ച തുടങ്ങും
കോതമംഗലം ബ്ലോക്കിലെ കോട്ടപ്പടി ഗ്രാമ പഞ്ചായത്തിൽ 4.5 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കും. ജല ജീവൻ മിഷന്റെ ഭാഗമായാണ് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അധികൃതർ തീരുമാനിച്ചിരുന്നു. പ്രധാനമായും മൂന്ന് പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള പ്ലാവിൻ ചുവട് ഭൂതല ജലസംഭരണിയുടെ മുഖ്യ വിതരണ കുഴലിൽ നിന്നും 150 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് പുല്ലുവഴിച്ചാൽ വരെ സ്ഥാപിച്ച് അവിടെ പുതിയതായി പമ്പ് ഹൗസ് നിർമ്മിക്കും. അതോടൊപ്പം പുല്ലുവഴിച്ചാലിൽ അൻപതിനായിരം ലിറ്റർ ശേഷിയുള്ള ഭൂതല ടാങ്കും ക്രമീകരിക്കും.
കോട്ടപ്പടിയിൽ ഒരു ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്ക് നിർമ്മിക്കുന്നതാണ് രണ്ടാമത്തെ പ്രവൃത്തി. പ്ലാമുടിയിൽ നിലവിലുളള ബൂസ്റ്റർ പമ്പ്ഹൗസിനു പകരം പുതിയ പമ്പ് ഹൗസ് സ്ഥാപിക്കുന്നതാണ് മൂന്നാമത്തെ പ്രവൃത്തി. ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട് ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്ന ജോലി പഞ്ചായത്തിൽ നിലവിൽ പുരോഗമിക്കുകയാണ്. ഇതുവരെ 270 കണക്ഷനുകൾ നൽകിക്കഴിഞ്ഞു. നാനൂറിന് മുകളിൽ കണക്ഷനുകൾ കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതിയ പദ്ധതി വഴി 2500 കണക്ഷനുകൾ കൂടി അനുവദിക്കാൻ കഴിയും.
കാർഷിക മേഖലയാണെങ്കിലും കോട്ടപ്പടി പഞ്ചായത്തിലെ ചിലയിടങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്തും ആന്റണി ജോൺ എം.എൽ.എയും മുൻകൈ എടുത്ത്
വിപുലമായ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്.
- Log in to post comments