അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സൂക്ഷ്മ പദ്ധതികള്‍ 30നകം നല്‍കണം
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സൂക്ഷ്മ പദ്ധതികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30നകം നല്‍കാന്‍ തീരുമാനം.
ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സുക്ഷ്മപദ്ധതികള്‍ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സമിതിയും രൂപീകരിച്ചു.
ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ സമിതിയുടെ നേതൃത്വത്തില്‍ മൈക്രോപ്ലാന്‍ മാനദണ്ഡങ്ങള്‍ പരിശോധിക്കും. കൂടാതെ പൊതു നന്മ ഫണ്ട് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ഭക്ഷണത്തിന് പോലും വകയില്ലാത്ത കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പാഥേയം പദ്ധതി ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ 2768 പേരെയാണ് സര്‍വേയിലൂടെ അതിദരിദ്രരായി കണ്ടെത്തിട്ടുള്ളത്. നിത്യദാരിദ്രത്തില്‍ നിന്നും ഇവരെ മോചിപ്പിക്കുന്നതിനായാണ് മൈക്രോപ്ലാന്‍ തയ്യാറാക്കുന്നത്. അതിദരിദ്രര്‍ക്കിടയില്‍ വോട്ടര്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഇല്ലത്തവര്‍ക്ക് അടിയന്തിര സേവനമായി ഇവ ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ അടിയന്തിര സേവനവും രണ്ടാം ഘട്ടത്തില്‍ ഹസ്വകാല സേവനങ്ങളും മൂന്നാം ഘട്ടം ദീര്‍ഘകാല സേവനങ്ങളും നടപ്പിലാക്കും.
അതിദരിദ്രര്‍ ഇല്ലാത്ത ജില്ലയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി എല്ലാവരും ഒരു മനസോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ദാരിദ്ര ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ന്മാരായ എസ്.എന്‍ സരിത, ഷിനോജ് ചാക്കോ, കെ. ശകുന്തള, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ എസ്. സയന, എന്‍.എച്ച്.എം ജില്ലാ പി.ആര്‍.ഒ ടി.വി മിനി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ. ജയചന്ദ്രന്‍, കെ.എസ്.ഷീജ, കുടുംബശ്രീ ഡി.പി.എം കെ.വി.ലിജിന്‍ എന്നിവര്‍ സംബന്ധിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത യോഗം ഓക്ടോബര്‍ ആദ്യവാരം ചേരും.
- Log in to post comments