പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് പുതിയ ഭവന വായ്പാ പദ്ധതി നടപ്പിലാക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്, 'ഞങ്ങളുടെ വീട്' എന്ന പേരില്‍ സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് പുതിയ ഭവന വായ്പാ പദ്ധതി നടപ്പിലാക്കുന്നു. സ്വന്തമായി ഒരു വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമായാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്കായി പുതിയ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്.
3 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതിക്കാരായ ഭവന രഹിതര്‍ക്ക് വായ്പയ്ക്ക് അര്‍ഹതയുണ്ടാകും. 10 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക. 18 മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവരെയാണ് പരിഗണിക്കുക. 5 ലക്ഷം രൂപ വരെ 7.5% വും അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ 8% വും ആയിരിക്കും പലിശ നിരക്ക്. അപേക്ഷകന്റെ പേരിലോ, കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടാവാന്‍ പാടില്ല. വായ്പാ പരിധിക്ക് വിധേയമായി പരമാവധി 90% തുക വരെ കോര്പ്പറേഷന് വായ്പയായി നല്‍കും. ബാക്കി തുക ഗുണഭോക്താവിന്റെ വിഹിതമാണ്. ഗുണഭോക്താക്കള്‍ കോര്പ്പറേഷന് നിഷ്കര്‍ഷിക്കുന്ന ജാമ്യം നല്‍കണം.
- Log in to post comments