കൃഷിയുടെ തുടർച്ചയ്ക്ക് സമർപ്പണം പ്രധാനം: മന്ത്രി പി. രാജീവ് കാർഷിക ശില്പശാല ഉദ്ഘാടനം ചെയ്തു
കൃഷിയുടെ തുടർച്ചയ്ക്കു സമർപ്പണം പ്രധാനമാണെന്നും കൃഷി വ്യാപിപ്പിക്കുന്നതിന് എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്നും നിയമ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ചിരിക്കുന്ന എസ്.എച്ച്.ജി കൾക്കുള്ള കാർഷിക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിലൂടെ കൃഷി നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണ് അതോടൊപ്പം സഹകരണ പ്രസ്ഥാനങ്ങളും ഒരുമിച്ച് നിൽക്കണം. മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തിൽ സഹകരണ ബാങ്കുകളുടേത്. അതിന്റെ അളവുകോൽ എത്ര നഷ്ടം, ലാഭം, നിക്ഷേപം എന്നിവ അടിസ്ഥാനമാക്കിയല്ല. മനുഷ്യന്റെ ജീവിത സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ എങ്ങനെ മാറ്റം സൃഷ്ടിക്കാൻ സാധിക്കും എന്നത് അടിസ്ഥാനമാക്കിയാണ് . എല്ലാവരും ഒരേ മനസ്സോടെ വികസനത്തിനായി പ്രയത്നിക്കണമെന്നും മന്ത്രി പറഞ്ഞു.
മത്സ്യ കയറ്റുമതിയിൽ ഒന്നാമത് ആയിരുന്നു കേരളം. കൂട് കൃഷി ,നെല്ലുംമീനും തുടങ്ങി സാധ്യമായ പദ്ധതികളിലൂടെ മത്സ്യ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കണം. മത്സ്യ കൃഷിയിലൂടെ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, കാൽസ്യം ഗുളികൾ തുടങ്ങി വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉദ്പാദിക്കാൻ സാധിക്കും.
ഉൽപാദനം കൂടുന്നത് അനുസരിച്ച് കൃഷിയിൽ വിപണനം പ്രതിസന്ധി സൃഷ്ടിക്കും. അതിനാൽ വിപണി പ്രധാനപ്പെട്ടതാണ്. വിവിധ മൂല്യവർധന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലഭിച്ച സ്വീകാര്യത മന്ത്രി യോഗത്തിൽ വിശദീകരിച്ചു. വെളിയത്ത് നാട്ടിൽ വിജയകരമായി പൂർത്തിയാക്കിയ ചെണ്ടുമല്ലി കൃഷിക്ക് നൽകിയ പിന്തുണയ്ക്ക് വെളിയത്തുനാട് സഹകരണ ബാങ്കിനെ പ്രത്യേകം അഭിനന്ദിച്ചു.
കരുമാലൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായതായി മന്ത്രി അറിയിച്ചു.
കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പദ്ധതിയുടെ വെളിയത്തുനാട് സഹകരണ ബാങ്ക് സമിതി ചെയർപേഴ്സനുമായ ശ്രീലത ലാലു യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയത്തു നാട് സഹകരണ ഹാളിൽ നടന്ന ചടങ്ങിൽ കരുമാലൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം .കെ സദാശിവൻ, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡൻറ് എസ് .ബി ജയരാജ്, പദ്ധതി കോ- ഓർഡിനേറ്റർ എം.പി പള്ളിയാക്കൽ വിജയൻ , കൃഷി അസിസ്റ്റൻറ് വിനീത വിമൽ തുടങ്ങിയവർ പങ്കെടുത്തു. കരുമാലൂർ ഗ്രാമപഞ്ചായത്തിലെ ഏഴു മുതൽ 15 വരെയുള്ള വാർഡുകളിലെ പഴം പച്ചക്കറി സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള അംഗങ്ങൾക്കാണ് ശില്പശാല സംഘടിപ്പിച്ചത്. വെങ്ങോല കൃഷി ഓഫീസർ നിജാമോൾ, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി നിർവ്വാഹക സമിതി അംഗങ്ങളായ എം.എസ് നാസർ , എ.വി ശ്രീകുമാർ ,കെ.പി ജോർജ് , എസ്.കെ ഷിനു എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.
- Log in to post comments