Skip to main content

തെരുവുനായ ശല്യം:  ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും യോഗം 

 

    തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ ഓണ്‍ലൈനായായിരുന്നു യോഗം. 

    തെരുവുനായ ശല്യം നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പ്രശ്നം തരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും അതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. 

    എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി ഉടന്‍ പ്രാദേശികതല യോഗം ചേരും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. 

    വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനും ലൈസന്‍സിംഗും യഥാസമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. നിലവില്‍ വളര്‍ത്തുമൃഗങ്ങളെ കേന്ദ്രീകരിച്ചാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നതെങ്കിലും എത്രയും പെട്ടെന്ന് തെരുവ് നായ്ക്കളെ പിടികൂടി വാക്സിന്‍ നല്‍കും. 

    ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായ 14 ഹോട്‌സ്‌പോട്ടുകള്‍ ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. അതിനുപുറമെ തദ്ദേശ സ്ഥാപന തലത്തിലും നായ ശല്യം രൂക്ഷമായ സ്ഥലങ്ങള്‍ കണ്ടെത്തി വാക്‌സിനേഷന്‍ ആരംഭിക്കും. സന്നദ്ധപ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായം വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ലഭ്യമാക്കും. അനിമല്‍ ബര്‍ത്ത് കണ്‍ട്രോണ്‍ സെന്ററു(എബിസി)കളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികളും വേഗത്തിലാക്കും. ഭക്ഷണ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്രവണതയെ നേരിടാന്‍ പ്രത്യേക ശ്രദ്ധനല്‍കാനും യോഗം തീരുമാനിച്ചു. 

    യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, മറ്റ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date