Skip to main content

ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍  വേഗത്തിലാക്കും 

മാസത്തിലൊരിക്കല്‍ പദ്ധതികളുടെ പുരോഗതി 
ജില്ലാ കളക്ടര്‍ നേരിട്ട് അവലോകനം ചെയ്യും

    ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 ദിവസത്തിലൊരിക്കല്‍ ജില്ലാ വികസനകാര്യ കമ്മിഷണറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെയും ജല്‍ ജീവന്‍ മിഷന്‍ ഡയറക്ടറും വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുമായ വെങ്കിടേശപതിയുടേയും ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാസത്തിലൊരിക്കല്‍ പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടര്‍ നേരിട്ട് അവലോകനം ചെയ്യും.

    എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ 2024 ല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി 6.28 ലക്ഷം കണക്ഷനുകളാണു നല്‍കേണ്ടത്. ഇതില്‍ 3.64 ലക്ഷം കണക്ഷനുകള്‍ നല്‍കി കഴിഞ്ഞു.

    ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ  പ്രവര്‍ത്തിക്കണമെന്ന് വാട്ടര്‍ അതോറിറ്റി എം.ഡി ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്റെ ഭാഗമായുള്ള ടാങ്കുകള്‍ പരമാവധി സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ നിര്‍മ്മിക്കും. സ്വകാര്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനും നിര്‍ദേശിച്ചു. ഒക്ടോബര്‍ 30 ന് മുന്‍പായി നിര്‍ദേശിച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

    ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പൊളിക്കുന്ന റോഡുകള്‍ കൈ മാറുന്നതിനു മുന്നോടിയായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്തണമെന്നും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ നല്‍കണമെന്നും നിര്‍ദേശിച്ചു. മുറിക്കേണ്ട റോഡുകള്‍ സംബന്ധിച്ച് ജില്ലാതല കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായുള്ള വിവിധ പ്രൊജക്റ്റുകളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. 

    യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍. മീണ, ഡെപ്യൂട്ടി കളക്ടര്‍ ജെസി ജോണ്‍, ഡി.ഡി.പി: കെ.ജെ ജോയ്, തഹസീല്‍ദാര്‍മാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പൊതു മരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date