ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് പുതിയ ബോട്ട് ; മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു
ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്താന്‍ ആധുനിക സൗകര്യങ്ങളുള്ള പുതിയ ബോട്ടിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിച്ചു. ചടങ്ങില്‍ കെ.ജെ മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഒരേസമയം 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ മ്യൂസിക് സിസ്റ്റവും അനൗണ്‍സ്മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫൈബര്‍ ഗ്ലാസിലാണ് ബോട്ടിന്റെ നിര്‍മ്മാണം.
ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ള പുതിയ ബോട്ട് ഫോര്‍ട്ട്കൊച്ചി - മട്ടാഞ്ചേരി - എറണാകുളം റൂട്ടിലാണ് സര്‍വീസ് നടത്തുക.
കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ടി.ജെ വിനോദ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. കൗണ്‍സിലര്‍മാരായ ടി.കെ അഷ്‌റഫ്, ആന്റണി കുരീത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, ട്രാഫിക് സൂപ്രണ്ട് എം.സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments