Skip to main content
കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം.

കന്നി 20 പെരുന്നാള്‍:  ഒരുക്കങ്ങള്‍ വിലയിരുത്താന്‍  ഉന്നതതല യോഗം ചേര്‍ന്നു

 

    കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിയിലെ കന്നി 20 പെരുന്നാള്‍ സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആന്റണി ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഉന്നതതല യോഗം ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും പെരുന്നാള്‍ ചടങ്ങുകള്‍. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 4 വരെ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 

    സെപ്റ്റംബര്‍ 25 നകം വിവിധ റോഡുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നതിന് ദേശീയ പാത വിഭാഗത്തിനും പൊതുമരാമത്ത് വകുപ്പിനും ഗ്രാമ പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കും. പള്ളിയും പരിസരങ്ങളും ലഹരി വിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം കൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.  

    വഴി വിളക്കുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തും. ക്രമസമാധാന പാലനത്തിന് ആവശ്യമായ പോലീസ് സേനയെ വിന്യസിക്കും. പള്ളിയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ച് ഭിക്ഷാടനം നിരോധിച്ചു.  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹരിത കേരള മിഷനുമായി ചേര്‍ന്ന് നടപ്പാക്കും. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മാര്‍ ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ട് ക്രമീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കാലയളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഫയര്‍ഫോഴ്സ് യൂണിറ്റും ആംബുലന്‍സ് സൗകര്യങ്ങളും ലഭ്യമാക്കും.

    ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, വി.സി ചാക്കോ, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.ജി ജോര്‍ജ്ജ്, കെ.എ നൗഷാദ്, ഭാനുമതി രാജു, തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ്, വിവിധ വകുപ്പ് പ്രതിനിധികള്‍, ചെറിയ പള്ളി വികാരി, ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date