ആരോഗ്യക്ഷേമത്തില്‍ വൈപ്പിനില്‍ വലിയ പുരോഗതി കൈവരിച്ചു: കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ
വിവിധ പരിപാടികളോടെ വൈപ്പിന്‍ ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു
ആരോഗ്യക്ഷേമത്തില്‍ സംസ്ഥാനം നല്‍കുന്ന മുന്‍ഗണനയുടെ ചുവടുപിടിച്ച് വൈപ്പിനിലും വലിയ പുരോഗതി കൈവരിക്കാനായെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വൈപ്പിന്‍ ബ്ലോക്ക് ആരോഗ്യമേള എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞാറക്കല്‍ താലൂക്ക് ആശുപത്രി, നായരമ്പലം ആയുര്‍വേദ ആശുപത്രി, എടവനക്കാട് ഡിമെന്‍ഷ്യ സെന്റര്‍, മറ്റു പ്രാഥമിക -കുടുംബാരോഗ്യ - വെല്‍നെസ് കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം ആരോഗ്യക്ഷേമ രംഗത്തെ മുന്നേറ്റങ്ങളുടെ അടയാളപ്പെടുത്തലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി രൂപയോളം എംഎല്‍എ ഓഫീസ് മുഖേന മണ്ഡലത്തില്‍ വിതരണം ചെയ്തു. വൈപ്പിന്‍ സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഈ മാസം 19നു തുടക്കമിടുന്ന മണ്ഡലത്തിലെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് അവസരമൊരുക്കുന്ന പരിപാടിയും ആരോഗ്യ പരിപാലനത്തില്‍ നല്‍കുന്ന കരുതലിന്റെയും പരിഗണനയുടെയും തുടര്‍ച്ചയായാണെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ സാജിത്ത് പദ്ധതി വിശദീകരിച്ചു. എന്‍എച്ച്എം ഡി.പി.എം: ഡോ.സജിത്ത് ജോണ്‍ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം.ബി ഷൈനി, കെ.ജി ഡോണോ മാസ്റ്റര്‍, എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുല്‍ സലാം, ബ്ലോക്ക് അംഗം പി.എന്‍ തങ്കരാജ്, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ബിസിനി പ്രദീഷ്‌കുമാര്‍, ബിഡിഒ ശ്രീദേവി കെ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി.
ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിച്ചത്. ആരോഗ്യക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിവിധ വകുപ്പുകളുടെ നടത്തിപ്പ് രീതികളും എവിടെ നിന്നെല്ലാം സേവനങ്ങള്‍ ലഭ്യമാകുമെന്നതും വിശദീകരിക്കാനും ലക്ഷ്യമിട്ടാണ് ആരോഗ്യമേള ഒരുക്കിയത്.
വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ പവലിയനുകള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ ആരോഗ്യ മേളയുടെ ഭാഗമായി നടത്തി. സെമിനാറുകളില്‍ കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഡയറക്ടര്‍ ഡോ. എ.എ മുഹമ്മദ് ഹാത്ത, ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രിഫ് കൗണ്‍സിലര്‍ റിയാസുദ്ദീന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
മേളയ്ക്ക് മുന്നോടിയായി എടവനക്കാട് സെയ്ത് മുഹമ്മദ് റോഡില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ ആരോഗ്യ - ആശാ - കുടുംബശ്രീ - അംഗന്‍വാടി പ്രവര്‍ത്തകരും വിവിധ വകുപ്പ് പ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമന്‍ വിളമ്പര ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
- Log in to post comments