പെരുങ്ങോട്ടുകര-കാഞ്ഞാണി റോഡ്; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പെരുങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പെരുങ്ങോട്ടുകര-കാഞ്ഞാണി റോഡ് സി സി മുകുന്ദന്‍ എംഎല്‍എയ്ക്കൊപ്പം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
റോഡില്‍ 23 കിലോമീറ്ററിലുള്ള പൈപ്പിടല്‍ പ്രവൃത്തിയില്‍ ഒന്നര കിലോമീറ്ററാണ് ഇനി ബാക്കിയുള്ളത്. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടല്‍ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ജല്‍ജീവന്‍ പദ്ധതിയുടെ കുടിവെള്ള വിതരണത്തിനായുള്ള പൈപ്പുകള്‍ ഇടുന്ന പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍ികിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യുഡിയും സംയുക്തമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയക്രമപട്ടിക തയ്യാറാക്കും. റോഡ് യാത്രായോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
റോഡിലെ പ്രവൃത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്താത്തത് വീഴ്ചയാണെന്നും ഇതില്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മഴ മാറിയാല്‍ ഉടന്‍ കുഴിയെടുത്ത സ്ഥലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ കുഴി രൂപപ്പെട്ട സ്ഥലങ്ങളില്‍ ജി എസ് പി വെറ്റ്മിക്‌സ് ഉപയോഗിച്ചാണ് കുഴി അടയ്ക്കുന്നത്. ഇതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പെരിങ്ങോട്ടുകര സെന്റര്‍ മുതല്‍ കാഞ്ഞാണി സെന്റര്‍ വരെയുള്ള പ്രവൃത്തികളാണ് ജില്ലാ കലക്ടര്‍ വിലയിരുത്തിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രതി അനില്‍കുമാര്‍ (താന്ന്യം), കെ വി ഇന്ദുലാല്‍ (ചാഴൂര്‍), ജ്യോതി രാമന്‍ (അന്തിക്കാട്), വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.
- Log in to post comments