ന്യു ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന ന്യു ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, എം.പി. മാരായ എ.എം.ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ജില്ലയിലെ എം.എല്‍.എ.മാരും രക്ഷാധികാരികളാകും. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയാണ് സമിതിയുടെ ചീഫ് കോ- ഓര്‍ഡിനേറ്റർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ചെയർപേഴ്സണാകും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.റിയാസ് അദ്ധ്യക്ഷനായി. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. വിശ്വംഭരന്‍, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാര്‍, ജില്ലാ സാക്ഷരതാ സമിതിയംഗങ്ങളായ പി.ജ്യോതിസ്, ടി.തിലകരാജ്, വിശ്വന്‍ പടനിലം എന്നിവര്‍ സംസാരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍.സിംല സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസ് നന്ദിയും പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ അവശേഷിക്കുന്ന മുഴുവന്‍ നിരക്ഷരരെയും പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കും. ഒന്നാം ഘട്ടത്തില്‍ 5000 പേരെ സാക്ഷരരാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പരിപാടി സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ ജനകീയ സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ 30 ന് മുമ്പ് നഗരസഭ/ ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിക്കും.
- Log in to post comments