അയാം ഫോര്‍ ആലപ്പി; രണ്ടാം ഘട്ടത്തിന് തുടക്കമായി
ആലപ്പുഴ: ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ആലപ്പുഴയില്‍ സബ് കളക്ടറായിരിക്കെ പ്രളയ പുനരധിവാസത്തിനായി 2018-ല്‍ തുടക്കമിട്ട അയാം ഫോര്‍ ആലപ്പി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്. സ്‌കൂളിന് അത്യാധുനിക പഠനോപാധിയായ ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ നല്‍കിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. ഫ്‌ലാറ്റ് പാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുഖ്യാഥിതിയായിരുന്നു. ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ സംഭാവനയായി നല്‍കിയ രാമചന്ദ്രാ ടെക്‌സ്‌റ്റൈല്‍സ് സി.ഇ.ഒ. എം. മനോജ് കുമാറിനെ എം.എല്‍.എ. ആദരിച്ചു.
ഫോര്‍ കെ റെസല്യൂഷനും 65 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവുമുള്ള ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനലിന് മൂന്നര ലക്ഷം രൂപ വില വരും. സാധാരണ പ്രൊജക്ടര്‍ സംവിധാനങ്ങളെ അപേക്ഷിച്ച് വെളിച്ചമുള്ള ക്ലാസ്സ് മുറികളിലും ഇത് ഉപയോഗിക്കാനാകും. പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, കണ്ണുകള്‍ക്ക് സുരക്ഷിതമായ ഉപയോഗ രീതി തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്.
സ്‌കൂള്‍ മാനേജര്‍ എം.ടി. മധു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.പി സതീശന്‍, പി.ടി.എ. പ്രസിഡന്റ് ബി.ഹരിദാസ്, ഹെഡ്മിസ്ട്രസ്സ് കെ.സി. ചന്ദ്രിക, പഞ്ചായത്ത് അംഗം അഡ്വ. ജിനു രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments