Skip to main content
ഫോട്ടോ-കാവശ്ശേരിയില്‍ നടന്ന വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള കുത്തിവെപ്പ് ക്യാമ്പില്‍നിന്ന്.

കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുന്നു

കാവശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയോജിതമായി വളര്‍ത്തുമൃഗങ്ങള്‍ക്കായി നടത്തുന്ന ത്രിദിന പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടരുന്നു. രണ്ടുദിവസങ്ങളിലായി 114 വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കി. വെറ്ററിനറി സബ്സെന്റര്‍ പാടൂര്‍, വെറ്ററിനറി സബ്സെന്റര്‍ ഇരട്ടകുളം, വെറ്ററിനറി ഡിസ്പെന്‍സറി കഴനിച്ചുങ്കം എന്നിവിടങ്ങളിലായാണ് കുത്തിവെപ്പ് ക്യാമ്പ് നടക്കുന്നത്.

കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി രാവിലെ 10 മുതല്‍ ഒരു മണി വരെ കുത്തിവെപ്പ് നടത്തുമെന്ന് വെറ്റിനറി സര്‍ജന്‍ ഡോ. അമര്‍ലിറ്റി ഐസക് അറിയിച്ചു. ഇതിനായി ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ സുമ, പ്രജിത എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനും നായ വളര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനും തീരുമാനമായി. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പൊതുജനങ്ങള്‍ക്ക് നോട്ടീസ് തയ്യാറാക്കി നല്‍കും.
 

date